അച്ഛന്‍റെ യൂണിഫോമിട്ട് കുഞ്ഞുമകന്‍റെ കണ്ണീർചുംബനം; നെഞ്ചുപിടഞ്ഞ് രാജ്യം

shivachandran-crpf
SHARE

രണ്ടു വയസുകാരൻ ശിവമുനിയന് അച്ഛന് എന്തു പറ്റിയതാണെന്ന് അറിയില്ല, ഇപ്പോഴും. നൂറുകണക്കിനാളുകൾ എത്തിയത് സ്വന്തം പിതാവിന് അന്ത്യോപചാരം അർപ്പിക്കാനാണെന്നും അവനറിയില്ല. അഛ്ഛന് എന്തിനാണ് സല്യൂട്ട് ചെയ്തതെന്നും അവസാനമായി ആ മുഖത്ത് മുത്തം നൽകിയതെന്തിനാണെന്നും അറിയില്ല. അച്ഛൻറെ മൃതദേഹത്തിൽ ത്രിവർണപതാക പുതപ്പിച്ചതെന്തിനാണെന്നും അവനറിയില്ല. പക്ഷേ, രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന അമ്മ ഗാന്ധിമതിക്ക് എല്ലാമറിയാം. അച്ഛന്‍റെ യൂണിഫോമിട്ട ശിവമുനിയനെ നെഞ്ചടക്കി വെച്ച് കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു ഗാന്ധിമതി.

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 44 ജവാൻമാരിൽ ഗാന്ധിമതിയുടെ ഭർത്താവ് ശിവചന്ദ്രനും ഉണ്ടായിരുന്നു. തമിഴ്നാടുകാരൻ ശിവചന്ദ്രന്‍റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിന് കശ്മീരിൽ പോസ്റ്റിങ്ങ് ലഭിച്ചത്.  ഇത്തവണ അവധിക്ക് നാട്ടിലെത്തിയപ്പോൾ ശബരിമല ദർശനത്തിനും എത്തിയിരുന്നു. 

ശിവചന്ദ്രൻറെ അച്ഛൻ ചിന്നയനും ഇപ്പോഴും ഒന്നും വിശ്വസിക്കാനാകുന്നില്ല. രണ്ടു വർഷം മുൻപ് ജോലിസ്ഥലത്തു വെച്ചുണ്ടായ ഒരപകടത്തിൽ ചിന്നയ്യന് ഇളയ മകനെയും നഷ്ടപ്പെട്ടിരുന്നു. മകൻറെ പഴയ യൂണിഫോം ധരിച്ചാണ് അദ്ദേഹം സംസ്കാരച്ചടങ്ങുകൾക്ക് എത്തിയത്. 

സഹോദരി ജയചിത്രയുടെ ഏക ആശ്രയവും ശിവചന്ദ്രനായിരുന്നു. അദ്ദേഹത്തിന് ജോലി ലഭിക്കുന്നതു വരെ ഒരു ചെറിയ കുടിലിലാണ് കുടുംബം കഴിഞ്ഞിരുന്നത്. 

നേഴ്സിങ്ങ് ബിരുദധാരിയാണ് ഗാന്ധിമതി. സർക്കാർ മുൻകൈയെടുത്ത് ഒരു ജോലി നൽകുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

MORE IN INDIA
SHOW MORE