പാക് ‘സ്നേഹം’ തടസം; മസൂദ് അസ്ഹറില്‍ ഇന്ത്യയെ പിന്നിൽനിന്ന് കുത്തി ചൈന

maulana-masood-azhar
SHARE

നാൽപ്പത് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തെ തുടർന്ന്  മൗലാന മസൂദ് അസ്ഹർ എന്ന കൊടുംഭീകരനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാടെ നിരസിക്കുകയാണ് ചൈന. ലോകരാഷ്ട്രങ്ങൾ ശക്തമായി പുൽവാമ ഭീകരാക്രമണത്തെ അപലപിക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചൈന നിലപാട് മാറ്റുമെന്ന് തന്നെയാണ് ഇന്ത്യൻ പ്രതീക്ഷ. പാക്കിസ്ഥാനുമായുളള അടുപ്പമാണ് ഇന്ത്യയുടെ ആവശ്യത്തിനു മുഖം തിരിക്കാൻ ചൈനയെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. രക്ഷാസമിതിയിൽ വീറ്റോ അധികാരമുളള ചൈന തന്നെയാണ് മസൂദ് അസഹ്റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനു നിരന്തരം തടയിടുന്നതും. 

ഇന്ത്യയുടെ അഖണ്ഡതയ്ക്ക് തുരങ്കം വയ്ക്കാൻ തക്കം പാർത്തിരിക്കുന്ന ഭീകര സംഘടനയാണ് ജയ്ഷ് ഇ മൊഹമ്മദ്. കശ്മീരിനെ അടർത്തിയെടുക്കലാണ് പ്രഖ്യാപിത ലക്ഷ്യം. രാജ്യത്താകമാനം ഭീകരവാദത്തിന്റെ വിത്തുപാകാൻ ശ്രമിക്കുന്ന സംഘടന 2000ൽ പതിനേഴുകാരൻ അഫാഖ് അഹമ്മദിനെ ചാവേറാക്കി ശ്രീനഗറിലെ ആർമി ക്യാംപിൽ 15 സൈനികരുടെ ജീവനെടുത്തതോടെയാണ്  ഈ ഭീകരപ്രസ്ഥാനത്തിന് ഇന്ത്യയിൽ വേരോടി തുടങ്ങിയത്. 

1999 ൽ കാണ്ടഹാർ വിമാനറാഞ്ചലിൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വാജ്പേയി സർക്കാർ വിട്ടയച്ച ഭീകരനാണ് മസൂദ് അസ്ഹർ. പാക് രഹസ്യാനേഷ്യണ ഏജൻസി ഐഎസ്ഐയുടെ പിന്തുണയോടെ കൂടിയാണ് അസഹ്ർ ഈ പ്രസ്ഥാനം നനച്ചു വളർത്തിയത്. 2001 ലെ പാർലമെന്റ് ആക്രമണം, 2016 ലെ പതാൻ കോട്ടിലെ ആക്രമണം. ഉറിയിലെ ഇന്ത്യൻ സൈനികരുടെ കുരുതി തുടങ്ങി ഇന്ത്യയുടെ ഹൃദയം ജയ്ഷ് ഇ മൊഹമ്മദ് പിളർത്തിയത് പലതവണ. 

ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികളിൽ ഏറ്റവും അപകടകാരിയാണ് മസൂദ് അസ്ഹർ. 2005 ലെ അയോധ്യ ആക്രമണം ഉൾപ്പെടെയുളള പല ഭീകരാക്രമണങ്ങളിലും മസൂദിന്റെ പങ്ക് ഉണ്ടെന്നാണ് വിലയിരുത്തൽ. അസ്ഹറിന്റെ സഹോദരൻ അതർ ഇബ്രാഹിമാണ് കാണ്ഡഹാർ വിമാന റാഞ്ചലിന് നേൃത്യം വഹിച്ചതെന്ന് കരുതപ്പെടുന്നു. പാക്കിസ്ഥാൻ ഭരണാധികാരികളുമായി അടുത്ത ബന്ധം ഈ സംഘടനയ്ക്കുണ്ടെന്നും ഇന്ത്യ ആരോപിക്കുന്നു.

MORE IN INDIA
SHOW MORE