കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

narendra-modi-andhra-33pradesh
പ്രധാനമന്ത്രി നരേന്ദ്ര മോദി
SHARE

ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിനെയും തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെയും കര്‍ണാടകത്തില്‍ പ്രതിപക്ഷ ഐക്യത്തെയും കടന്നാക്രമിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും മോദി ഗോ ബാക്ക് പ്രതിഷേധവുമുയര്‍ന്നു. ചന്ദ്രബാബുനായിഡുവിന് മകനെ നേതാവാക്കുന്നതിലാണ് ശ്രദ്ധയെന്ന് കുറ്റപ്പെടുത്തിയ മോദി കോണ്‍ഗ്രസ്, സൈന്യത്തിെനതിരെ സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാറില്ലെന്നും ആരോപിച്ചു. 

തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ട ശേഷം ആദ്യമായി ആന്ധ്രാപ്രദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം ചന്ദ്രബാബു നായിഡു തന്നെയായിരുന്നു. ആന്ധ്രയുടെ പുതിയ സൂര്യനുദിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ചന്ദ്രബാബു നായിഡുവിന് മകനെ നേതാവാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്ന് നരേന്ദ്രമോദി പറഞ്ഞു. രാഷ്ട്രീയ ഗുരുവും ഭാര്യയുടെ പിതാവും എന്‍ ടി രാമറാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ചരിത്രമാണ് നായിഡുവിന്‍റേതെന്ന് മോദി ആരോപിച്ചു. 

എന്നാല്‍ തന്‍റെ മകനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് മോദിയുടെ ഭാര്യ യശോദാബെന്നിന്‍റെ പേര്  നായിഡു തിരിച്ചടിച്ചു. കുടുംബത്തോട് മോദിക്ക് സ്നേഹമില്ലെന്നും താന്‍ അങ്ങനെയല്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെതിരെയായിരുന്നു പ്രധാന വിമര്‍ശനം. മോദിയുടെ റാലിക്ക് ആളുകളെ നല്‍കുന്നത് വൈഎസ്ആര്‍ കോണ്‍ഗ്രസാണെന്നും നായിഡു കുറ്റപ്പെടുത്തി. സൈന്യത്തെ മോശമാക്കി സംസാരിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ കോണ്‍ഗ്രസ് പാഴാക്കാറില്ലെന്ന് നരേന്ദ്രമോദി ആരോപിച്ചു. സുഹൃത്തുക്കളെ സഹായിക്കാനും കമ്മീഷന്‍ കൈപ്പറ്റാനുമാണ് കോണ്‍ഗ്രസിന് പ്രതിരോധ കരാറുകളെന്നും മോദി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ മോദിയുടെ സന്ദര്‍ശനത്തിെതരെ വ്യാപകമായി ഹോര്‍ഡിങുകള്‍ നിരന്നിരുന്നു. വിജയവാഡ വിമാനത്താവളത്തിലും പ്രതിഷേധ ഹോര്‍ഡിങുകളുണ്ടായിരുന്നെങ്കിലും ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് മാറ്റി. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യം പ്രതീക്ഷിക്കുന്നതിനാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി ബിജെപി സഖ്യം പ്രതീക്ഷിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.