ആ പൂജാരിയല്ല ഈ പൂജാരി; ഇന്ത്യയിലെത്തുന്നത് തടയാൻ പുതിയ അടവ്

അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ത്യയിലെത്തിക്കുന്നതിൽ വീണ്ടുംതടസം. താൻ രവി പൂജാരിയല്ലെന്ന അവകാശവാദവുമായി പിടിയിലായ ആൾ സെനഗൽ സർക്കാരിന് അപ്പീൽനൽകി. ഇതോടെ ഡൽഹിയിലുള്ള രവി പൂജാരിയുടെ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിക്കാൻ ഒരുങ്ങുകയാണ് കേന്ദ്രം. 

രവിപൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കാൻ ചടുലമായശ്രമങ്ങൾ‌ തുടരുന്നതിനിടെയാണ് പുതിയകുരുക്ക്. താൻ രവി പൂജാരിയല്ലെന്നും ആഫ്രിക്കൻ രാജ്യമായ ബുർകിനോ ഫാസോ പൗരനാണെന്നും അവകാശപ്പെട്ടാണ് പിടിയിലായ ആൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിൻറെ അഭിഭാഷകൻ സെനഗൽ സർക്കാരിനെ സമീപിക്കുകയായിരുന്നു. പാസ്പോർട്ട് അടക്കമുള്ള രേഖകളും സമർപ്പിച്ചു. 

ഇതിൽ, ആൻറണി ഫർണാണ്ടസ് എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, അറസ്റ്റിലായത് രവി പൂജാരി തന്നെയെന്ന് സ്ഥാപിക്കാൻ, ഇന്ത്യൻ എംബസിയുമായി ചേർന്ന് വിദേശകാര്യമന്ത്രാലയം നീക്കംതുടങ്ങി. രവി പൂജാരിയുടെ ഡൽഹിയിലുളള സഹോദങ്ങളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കാനും, ഇതുമായി ഒത്തുനോക്കി രവി പൂജാരിയെന്ന് ഉറപ്പുവരുത്തി ഇന്ത്യയിലെത്തിക്കാനുമാണ് ശ്രമംനടക്കുന്നത്. ഇതോടെ, ഇയാളെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നതിൽ കാലതാമസമുണ്ടാകാന്‍ സാധ്യതയേറി. കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് കൂടാതെ, മുംബൈയിലും ബെംഗളൂരുവിലുമായി പതിനാറുകേസുകളാണ് രവി പൂജാരിക്കെതിരെയുളളത്.