വൈഎസ്ആര്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ടിഡിപി

andhra
SHARE

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തീപാറുന്ന പോരാട്ടം നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപി. എന്‍ഡിഎയിലേക്ക് ടിഡിപിയുടെ വഴിയടച്ച ബിജെപി തിരഞ്ഞെടുപ്പിനുശഷം ജഗന്‍മോഹനുമായി കൂട്ടുകൂടാമെന്ന പ്രതീക്ഷയിലാണ്.

തെലങ്കാന വിഭജനത്തോടെ  രാഷ്ട്രീയ സാഹചര്യം മുഴുവന്‍ മാറിയ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.  19 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് സംസ്ഥാനത്ത് സംപൂജ്യരായി,  15 സീറ്റ് നേടിയ ടിഡിപി ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. പ്രത്യേകസംസ്ഥാന പദവി നേടിയെടുക്കാത്തതും തലസ്ഥാനമായ അമരാവതിക്ക് അടിത്തറ കെട്ടിപ്പടുക്കാനാകാത്തതും കര്‍ഷകരോഷവുമാണ് ടിഡിപിക്ക് തിരിച്ചടിയായത്. 33,000 ഏക്കര്‍ കണ്ണായ കൃഷിഭൂമിയാണ്  അമരാവതി കെട്ടിപ്പടുക്കാന്‍ കര്‍ഷകരില്‍ നിന്ന് നേടിയെടുത്തത്. ഇവര്‍ക്ക് നല്‍കാമെന്നേറ്റ നഷ്ടപരിഹാരവും നല്‍കിയില്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉറപ്പാക്കിയ ചന്ദ്രബാബു നായിഡു ഒരു മുഴം മുന്‍പേയെറിഞ്ഞു. മുഴുവന്‍ കുറ്റവും കേന്ദ്രത്തില്‍ചാരി എന്‍ഡിഎ വിട്ടു. പ്രമുഖനേതാക്കളെല്ലാം പാര്‍ട്ടിവിട്ടതോടെ ദുര്‍ബലരായിപ്പോയ കോണ്‍ഗ്രസിന് തിരിച്ചുവരവ് അസാധ്യമായിരിക്കും. ഇതെല്ലാം നേട്ടമുണ്ടാക്കിയത് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ്. 

കഴിഞ്ഞ ലോക്സഭയില്‍ എട്ടുസീറ്റ് നേടി അടിത്തറയിട്ട വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇത്തവണ ആന്ധ്ര സ്വന്തമാക്കുമെന്നാണ് നീരീക്ഷണം. ടിഡിപിയ്ക്കായി ഇനി വാതില്‍ തുറക്കില്ലെന്ന് അടിവരയിട്ടുപറഞ്ഞ അമിത് ഷായുടെ പ്രസ്താവന  ജയസാധ്യതയുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസിനെ പ്രീതിപ്പെടുത്താന്‍ തന്നെ. ആന്ധ്രയില്‍ രണ്ട് സീറ്റാണ് ബിജെപിക്കുള്ളത്. അമരാവതിക്ക് തറക്കല്ലിടാന്‍ മണ്ണും വെള്ളവുമായെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നല്‍കിയ അതേ ടിഡിപി , സഖ്യം പിരിഞ്ഞശേഷമുള്ള ആദ്യസന്ദര്‍ശനത്തില്‍ കടുത്ത പ്രതിഷേധമൊരുക്കിയത് ഇരവാദം ഉയര്‍ത്താനുള്ള നായിഡുവിന്‍റെ തന്ത്രമാണ്. നിലവിലെ സാഹചര്യത്തില്‍ ഇതൊനും തിരഞ്ഞെടുപ്പില്‍ നായിഡുവനെ സഹായിക്കാനിടയില്ല. 

MORE IN INDIA
SHOW MORE