ചെരുപ്പേറിന് പിന്നാലെ നേതാവായി ഉദയം; സിനിമ പോലെ 'നവീന' ജീവിതം

1999. ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ തകുര്‍മുണ്ട. കോണ്‍ഗ്രസ് വിരുദ്ധശക്തികളെ ഒന്നിപ്പിക്കാന്‍ ബിജു ജനതാദള്‍ വിളിച്ചുചേര്‍ത്ത റാലി. ജനനേതാവായിരുന്നു ബിജു പട്നായികിന്‍റെ മരണശേഷം അത്രയേറെ ജനപിന്തുണയുള്ള നേതാക്കളൊന്നും പാര്‍‌ട്ടിയിലില്ല.  ആഞ്ഞടിച്ച സൈക്ലോണിനുശേഷം എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന രോഷാകുലരായ ജനക്കൂട്ടത്തിന് മുന്നില്‍  ഒഡീഷയുടെ മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന പാര്‍ട്ടിയുടെ ദേശീയനേതാവ് ശ്രീകാന്ത ജന പ്രസംഗമാരംഭിച്ചു. ഓരോവാക്കിനും വേദിയിലേക്ക് ചെരുപ്പുകള്‍ പാറിവന്നു. സഹികെട്ട പ്രവര്‍ത്തകര്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ജനയോടഭ്യര്‍ഥിച്ചു. 

അടുത്തത് നവീന്‍ പട്നായിക്കിന്‍റെ ഉൗഴമാണ്.  ബിജു പട്നായിക്കിന്റെ ഇളയമകന്‍. പഠിച്ചതും വളര്‍ന്നതും ഡെറാഡൂണിലും ഡല്‍ഹിയിലും. വിദേശരാജ്യങ്ങളില്‍ വാസം.ഒഡീഷയിലേക്ക് വന്നിട്ടുള്ളതു തന്നെ വളരെ ചുരുക്കം. പിതാവിന്‍റെ മരണശേഷം പാര്‍‌ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന സമ്മര്‍ദ്ധത്തിന് നടുവില്‍.  ഒഡിയ ഒട്ടും വഴങ്ങില്ല നവീന്. ബ്രിട്ടീഷ് ആക്സന്‍റ് ഉള്ള ഇംഗ്ലീഷാണ് വശം. പിന്നെ ഹിന്ദിയും, ഫ്രഞ്ചും. കസേരയില്‍ നിന്നെഴുന്നേറ്റ നവീന്‍ കീശയില്‍ ചുരുട്ടിവച്ച കടലാസ് പുറത്തെടുത്ത് ആവര്‍ത്തിച്ചു ഉരുവിട്ടു. "തകുര്‍മുണ്ട". പ്രവര്‍ത്തകരുടെ മുഖങ്ങളില്‍ ആശങ്ക നിറഞ്ഞു, ഒരു നിമിഷം ജനക്കൂട്ടത്തെ നോക്കി അദ്ദേഹം ഹിന്ദിയില്‍ ഇങ്ങനെ പറഞ്ഞു.  " മേരെ പിതാജി കോ തകുര്‍മുണ്ട ബഹുത് പ്യാരാ ഥാ "   (എന്‍റെ പിതാവിന് തകുര്‍മുണ്ട വളരെ ഇഷ്ടമായിരുന്നു.). 'ഒരിക്കലെങ്കിലും തകുര്‍മുണ്ടയിലെത്തണമെന്ന്  അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്'. ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. "ബിജു ബാബു"വിന്‍റെ മകനില്‍ അവര്‍ രക്ഷകനെ കണ്ടു. അടുത്ത രണ്ടുയോഗസ്ഥലങ്ങളിലും ഇതേ ഡയലോഗ് ആവര്‍ത്തിച്ചു. സ്ഥലപ്പേര് മാത്രം മാറി. ജനക്കൂട്ടം ഇളകിമറിഞ്ഞു. അങ്ങനെ അന്‍പതാംവയസില്‍ ജീന്‍സും ടീഷര്‍ട്ടും അഴിച്ചുവച്ച് കുര്‍ത്തയും പൈജാമയുമണിഞ്ഞ് നവീന്‍ ഒഡീഷയുടെ മണ്ണിലേക്കിറങ്ങി. നേതാവായി.

നവീന്‍ പട്നായിക് @1960 

ഡല്‍ഹിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഇന്‍ഡ്യ ഇനിഷ്യേറ്റീവ് യോഗത്തില്‍ കോട്ടും ഷൂസുമണിഞ്ഞെത്തിയ ഡെലിഗേറ്റുകള്‍ക്കിടയില്‍ സ്ലിപ്പറിട്ട് നവീന്‍. ഇൗ ലാളിത്യം തുളുമ്പുന്ന വസ്ത്രധാരണത്തിന്‍റെ ഉടമ,  ഒഡീഷയുടെ ജനപ്രിയ മുഖ്യമന്ത്രി പണ്ട് ഡല്‍ഹിയില്‍ ഒരു ഫാഷന്‍ ബൊട്ടീക്കിന്‍റെ ഉടമയായിരുന്നു. ഓബറോണ്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ച Psyche Delhi ബൊട്ടീക്ക്. ലോകപ്രശസ്ത റോക്ക് ബാന്‍ഡ് ' ബീറ്റില്‍സ് 'ഒക്കെ അവിടുന്ന് വസ്ത്രം വാങ്ങിയിരുന്നു. തീര്‍ന്നില്ല, ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. പിയേഴ്സ് ബ്രോസ്നന്‍ നായകനായി 1988 ല്‍ പുറത്തിറങ്ങിയ 'The deceivers എന്ന സാഹസികചിത്രത്തില്‍. ഡറാഡൂണിലെ ഡൂണ്‍ സ്കൂളില്‍ സഞ്ജയ് ഗാന്ധിയുടെ സഹപാഠിയായിരുന്നു നവീന്‍. പഠനശേഷം വിദേശരാജ്യങ്ങളില്‍ മാറി മാറി താമസം. സുഹൃത്തുക്കളെല്ലാം അതിപ്രശസ്തര്‍. അമേരിക്കന്‍ മുന്‍ പ്രഥമവനിത ജാക്വിലിന്‍ കെന്നഡിയുമായി ഉറ്റബന്ധമുണ്ടായിരുന്നു. നവീനെഴുതിയ ഒരു പുസ്തകം അവര്‍ എഡിറ്റ് ചെയ്തു നല്‍കി. വിദേശങ്ങളിലെ കറക്കത്തിനിടെ അവധിയാഘോഷിക്കാനാണ് നവീന്‍ ഒഡീഷയിലെത്തിയിരുന്നത്. പിതാവിന്‍റെ മരണത്തെത്തുടര്‍ന്ന് നാട്ടിലെത്തിയ അവിവാഹിതനായ അന്‍പതുകാരന് മനസില്ലാ മനസോടെ നാട്ടില്‍ തുടരേണ്ടി വരികയായിരുന്നു. പിതാവിന്‍റെ പിന്‍ഗാമിയാകണമെന്ന് സഹോദരങ്ങളുടെയടക്കം  നിര്‍ബന്ധം.

ഒട്ടും താല്‍പ്പര്യമില്ലായിരുന്നു നവീന്. ഒടുവില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഐ.കെ.ഗുജ്റാളാണ് നവീന്‍റെ മനസുമാറ്റിയത്. "പിതാവിന്‍റെ ഉത്തരവാദിത്വങ്ങളാണ് ഞാന്‍ ഏറ്റടുക്കുന്നത്, അദ്ദേഹത്തിന് ലഭിച്ചിരുന്ന ആനുകൂല്യങ്ങളല്ല ". ഒഡീഷയില്‍ തുടരാന്‍ തീരുമാനിച്ച ശേഷം നവീന്‍ പറഞ്ഞു. ആ വാക്ക് അദ്ദേഹം തെറ്റിച്ചില്ല.  

നവീന്‍റെ അരങ്ങേറ്റം 

1997 ല്‍ പിതാവിന്‍റെ മണ്ഡലമായ അസ്കയില്‍ നിന്ന് മല്‍സരിച്ചു ജയിച്ചു. കേന്ദ്രമന്ത്രിയായി.  ജനതാദള്‍ പിളര്‍ന്നപ്പോള്‍ പിതാവിന്‍റെ പേരില്‍ ബിജു ജനതാദള്‍ സ്ഥാപിച്ചു. 1998 ല്‍ വാജ്പേയി മന്ത്രിസഭയില്‍ വീണ്ടും കേന്ദ്രമന്ത്രിയായി.  2000ലും  ബിജെപിയുമായി ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചു. 2000ല്‍ ഒഡീഷ മുഖ്യമന്ത്രിയായി ജൈത്രയാത്ര തുടങ്ങി. 2004ല്‍ ബിജെപിയുടെ പങ്കാളിത്തത്തോടെ വീണ്ടും വിജയം, മുഖ്യമന്ത്രിപദം. ബിജെപിയുമായുള്ള ബന്ധം അധികം നീണ്ടില്ല . ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയകലാപങ്ങളെ തുടര്‍ന്ന് 2007ല്‍ അത് മുറിച്ചു..അപ്പോഴേക്കും ഒഡീഷയില്‍ നവീന് ഒറ്റയ്ക്ക് നിവര്‍ന്ന് നില്‍ക്കാമെന്ന സ്ഥിതിയായി. 2009 ലെ ലോക്സഭാ  തിരഞ്ഞെടുപ്പില്‍ ആകെയുള്ള 21 സീറ്റില്‍ 14 എണ്ണം BJD സ്വന്തമാക്കി. നിയമസഭയിലെ 147 സീറ്റില്‍ 103 എണ്ണവും സ്വന്തമാക്കി. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മിന്നുന്ന ജയം. ആരെയുള്ള 21 സീറ്റില്‍ ഇരുപതും ബിജെഡിക്ക്. നിയമസഭയിലെ 103,  117 ആയി. രണ്ടുപതിറ്റാണ്ട് ഭരിച്ചിട്ടും നവീനെതിരെ ഒഡീഷയില്‍ ഇന്നും കാര്യമായ ഭരണവിരുദ്ധവികാരമില്ല.  

നവീന്‍ എന്ന നായകന്‍ 

ദാരിദ്ര്യം നിറഞ്ഞ ഒഡീഷ. സമ്പന്നമായ സാംസ്കാരിക പാരമ്പര്യവും. രണ്ടും ഒരുമിച്ചു കാണാനാകുമായിരുന്നു നവീന്. ഒ‍ഡീഷയുടെ കലയും പാരമ്പര്യവും ഭൂപ്രകൃതിയും സമന്വയിപ്പിച്ച്  ടൂറിസം മേഖലയെ നവീന്‍ വളര്‍ത്തിയെടുത്തു. അടിസ്ഥാനസൗകര്യങ്ങളും റോഡുകളുമൊരുക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പദ്ധതികള്‍ ആവിഷ്ക്കരിച്ചു. വലിയ കലാസ്നേഹിയും വായനക്കാരനുമാണ് നവീന്‍. പ്രകൃതിദുരന്തങ്ങളേറെ ഏറ്റുവാങ്ങിയിരുന്ന ഒഡീഷയില്‍ മികച്ച പ്രകൃതിദുരന്തനിവാരണ സൗകര്യങ്ങളൊരുക്കി.  2013 സൈക്ലോണിനെ നേരിടാന്‍ മിഷന്‍ സീറോ എന്നപേരില്‍ അദ്ദേഹം നടത്തിയ മുന്നൊരുക്കങ്ങള്‍ ഐക്യരാഷ്്രസഭയുടെ അഭിനന്ദനമേറ്റുവാങ്ങി. വികസിതസംസ്ഥാനമെന്നൊന്നും പറയാറായിട്ടില്ലെങ്കിലും മാറ്റങ്ങളേറെയുണ്ടായി. ഒഡീഷയുടെ തനതുകലകളെ അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. Indian National Trust for art and cultural heritage(INTA) അദ്ദേഹത്തിന്‍ നേതൃത്വത്തിലാണ് പിറവിയെടുത്തത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ പുസ്തകങ്ങളുടെയൊക്കെ ഒരുകോപ്പി നവീന്‍റെ ലൈബ്രറിയിലുണ്ടാകും. മൂന്നുപുസ്തകങ്ങളാണ് ഒഡീഷയെക്കുറിച്ച് അദ്ദേഹമെഴുതിയത്. ഒഡിയ ഇന്നും സംസാരിക്കാനാകില്ല നവീന്. സ്വന്തം സംസ്ഥാനത്തിന്‍റെ ഭാഷ സംസാരിക്കാനറിയാത്ത ഇന്ത്യയിലെ ഏകമുഖ്യമന്ത്രിയെന്ന പരിഹാരം കേട്ടയാള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയായത് ചരിത്രം.  

നവീന്‍റെ രാഷ്ട്രീയം 

ലോക്സഭയില്‍ സമദൂരസിദ്ധാന്തമാണ് നിലവില്‍ ബിജെഡിക്ക്. നോട്ട് നിരോധനത്തെ അനൂകൂലിച്ച നവീന് പട്നായിക് ‍, ഇക്കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയില്‍ സിബിഐക്കെതിരെ മമത നടത്തിയ സമരത്തിനും പിന്തുണ അറിയിച്ചിരുന്നു. സിബിഐ നടപടിയിലുള്ള അതൃപ്തിമാത്രമാണ് തന്‍റെ നിലപാടിനു പിന്നിലെന്നും അതില്‍ രാഷ്ട്രീയം കാണരുതെന്നും പിന്നീട് വിശദീകരിക്കുകയും ചെയ്തു. മഹാഗത്ബന്ധനിലും പങ്കാളിയല്ല നവീന്‍.   രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒഡീഷ പിടിക്കാമെന്ന വ്യാമോഹം ഇരുമുന്നണികള്‍ക്കുമില്ലെന്നു തന്നെ കരുതണം. അതുകൊണ്ടുതന്നെ  കോണ്‍ഗ്രസും ബിജെപിയും പതിനെട്ടടവും പയറ്റുന്നത് ‌നവീന്‍റെ മനസില്‍ ഇടംപിടിക്കാനാകും.