പ്രശാന്ത് കിഷോറിനെ ദൂതനാക്കി; ശിവസേനയുടെ മനസറിയാന്‍ ബിജെപി

INDIA-CONGRESS/
SHARE

തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചാണക്യന്‍ പ്രശാന്ത് കിഷോറിനെ ഇടനിലക്കാരനാക്കി, മഹാരാഷ്ട്രയില്‍ ശിവസേന സഖ്യം പു​നസ്ഥാപിക്കാന്‍ ബിജെപിയുടെ അണിയറനീക്കം. ജെ.ഡി.യു. നേതാവ്  പ്രശാന്ത് കിഷോറുമായുള്ള ഉദ്ദവ് താക്കറെയുടെ കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് അമിത് ഷാ ആണെന്നാണ് സൂചന. ശിവസേനയെ കൂടെ കൂട്ടാനായില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍.

'ഞങ്ങള്‍ മഹാരാഷ്ട്രയുടെ മണ്ണില്‍ വല്യേട്ടനായി തുടരും' ശിവസേന എം.പി സ​ഞ്ജയ് റാവത്തിന്റെ ഈ നിരീക്ഷണത്തില്‍ പാര്‍ട്ടിയുടെ നിലപാട് പകല്‍പോലെ വ്യക്തമായിരുന്നു. ബിജെപിയുമായി പാര്‍ട്ടി സഖ്യം അവസാനിപ്പിച്ചിട്ട് ഒരുവര്‍ഷം പിന്നിടുകയാണ്. 

ഇപ്പോള്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ മോദി വിമര്‍ശകരാണ് ശിവസേന. ചിലതിനെ പ്രതിരോധിച്ചും മറ്റുള്ളവയെ അവഗണിച്ചും ബിജെപി മുന്നോട്ട്പോകുകയായിരുന്നു. പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് കണ്ടപ്പോഴാണ് ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോറിനെ ദൂതനാക്കി ഇറക്കി, ശിവസേനയുടെ മനസറിയാന്‍ ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ, നരേന്ദ്രമോദിക്ക് തിര​ഞ്ഞെടുപ്പ് തന്ത്രമോതിയ അതേ പ്രശാന്ത് കിഷോര്‍. ഉദ്ദവ് താക്കറെ, മകന്‍ ആദിത്യ താക്കറെ എന്നിവരെ മുംബൈയിലെത്തി കണ്ടതിന് പിന്നാലെ കിഷോറിനെ, ശിവസേനയുടെ തിരഞ്ഞെടുപ്പ്  ഉപദേശകനായി നിയമിച്ചു. 

എന്നാല്‍, സഖ്യകാര്യത്തില്‍ ഒരുപാലമിടാനുള്ള ബിജെപിയുടെ തന്ത്രമായിട്ടാണ് ഈ കൂടിക്കാഴ്ചയെ രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നത്. സംസ്ഥാനത്തെ 48 ലോക്സഭാസീറ്റില്‍ കഴിഞ്ഞതവണ ബിജെപി–ശിവസേന സഖ്യം 41 സീറ്റുകള്‍ തൂത്തുവാരിയിരുന്നു. ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ശിവസേനയേക്കാള്‍ ക്ഷീണമുണ്ടാകുന്നത് ബിജെപിക്കാണെന്ന് അവര്‍ക്ക് നന്നായി അറിയാം.  മറുവശത്ത് കോണ്‍ഗ്രസ്–എന്‍സിപി സഖ്യം പൂര്‍ണ ആത്മവിശ്വാസത്തിലാണ് താനും. കര്‍ഷക സമരങ്ങളും മറാഠാ പ്രക്ഷോഭവും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിച്ഛായ നഷ്ടമായിക്കൊണ്ടിരിക്കുന്ന ബിജെപിക്ക് ഈവര്‍ഷം തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പിടിവള്ളിയായി ശിവസേനയെ വേണ്ടിവരും.

MORE IN INDIA
SHOW MORE