രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രക്ഷോഭം നിർത്തിയതായി വിശ്വഹിന്ദു പരിഷത്ത്

ayodhya-vhp
SHARE

അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള പ്രക്ഷോഭം ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിര്‍ത്തിവച്ചതായി വിശ്വഹിന്ദു പരിഷത്ത്. അയോധ്യവിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കൊണ്ടുവരാന്‍ ഹിന്ദുസംഘടനകള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വി.എച്ച്.പി. വര്‍ക്കിങ് പ്രസിഡന്‍റ് അലോക് കുമാര്‍ പറഞ്ഞു. 

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ഉദ്ദേശ്യമെന്ന് വി.എച്ച്.പി. നേതൃത്വം പറയുന്നു. സുപ്രീംകോടതിയിലെ കേസുകളും നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് വി.എച്ച്.പി. വര്‍ക്കിങ് പ്രസി‍ഡന്‍റ് അലോക് കുമാര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ നിയമനിര്‍മാണം ആവശ്യപ്പെട്ട് കുറേ മാസങ്ങളായി വി.എച്ച്.പിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയായിരുന്നു.  

തര്‍ക്കഭൂമി അല്ലാത്ത 67 ഏക്കര്‍ അതിന്‍റെ യഥാര്‍ഥ അവകാശികള്‍ക്കു മടക്കിനല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതുകഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് വി.എച്ച്.പി നിലപാടുമാറ്റം. കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് വി.എച്ച്.പി.  ജോയിന്‍റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞു. 

MORE IN INDIA
SHOW MORE