ബിഹാറില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തിലാക്കാൻ എന്‍ഡിഎ

bihar
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ  പ്രതീക്ഷ പുലര്‍ത്തുന്ന ബിഹാറില്‍ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും ഉടന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. അടുത്തമാസം മൂന്നിന് നരേന്ദ്രമോദി പങ്കെടുക്കുന്ന മഹാറാലിക്ക് മുമ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്.  ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളില്‍ മത്സരിക്കാനാണ് പ്രാഥമിക ധാരണ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയിലുണ്ടായിരുന്ന രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി ഇക്കുറി യുപിഎയ്ക്കൊപ്പമാണ്.

മോദി തരംഗത്തില്‍ രാജ്യത്ത് എന്‍ഡിഎ ജയിച്ചുകയറിയ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ് സഖ്യത്തിലുണ്ടായിരുന്നില്ല.  ബിജെപി 22 സീറ്റ് നേടിയപ്പോള്‍ സഖ്യകക്ഷിയായ രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടി ആറുസീറ്റുകളും രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി മൂന്നു സീറ്റുകളും നേടി. മത്സരിച്ച മൂന്നു സീറ്റുകളും വിജയിച്ച ഉപേന്ദ്ര ഖുശ്വാഹയുടെ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി ഇക്കുറി  എന്‍ഡിഎ സഖ്യം വിട്ടു. പക്ഷേ വിശാലസഖ്യം തകര്‍ത്ത് ലാലുപ്രസാദ് യാദവുമായുള്ള കൂട്ടുപേക്ഷിച്ച ജനതാദള്‍ യുണൈറ്റഡിനെ പാളയത്തിലെത്തിച്ച് ബിജെപി സഖ്യത്തിന്‍റെ കരുത്തു കൂട്ടി. ഒന്നിച്ചു മത്സരിച്ച2009 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയു 20 സീറ്റിലും ബിജെപി 12 സീറ്റിലും നേടിയ വിജയം തിരിച്ചുപിടിക്കാനാണ് നീക്കം. നാല്‍പത് സീറ്റില്‍ ബിജെപിയും ജെഡിയു 17 സീറ്റിലും എല്‍ജെപി 6 സീറ്റിലും മത്സരിക്കാനാണ് പ്രാഥമിക ധാരണ.

അടുത്തമാസം 3ന് നരേന്ദ്രമോദിയും നിധീഷ് കുമാറും രാം വിലാസ് പാസ്വാനും പങ്കെടുക്കുന്ന മഹാറാലിക്ക് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് ധാരണ. രാം വിലാസ് പാസ്വാന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്. ജൂണില്‍ അസമില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ രാം വിലാസ് പാസ്വാനെ നിര്‍ദേശിക്കാനും ധാരണയായിട്ടുണ്ട്.  ഔറംഗാബാദ്  പോലെയുള്ള സീറ്റുകളിലെ തര്‍ക്കം പരിഹരിക്കുക വെല്ലുവിളിയാണ്.  2009 ല്‍ ഔറംഗാബാദില്‍ െജ‍‍ഡിയു സ്ഥാനാര്‍ഥിയായി മത്സരിച്ച സുശീല്‍ കുമാര്‍ സിങ് 2014 ല്‍ ബിജെപി സ്ഥാനാര്‍ഥിയായാണ്  ഇവിടെ ജയിച്ചത്. ഇത്തരത്തിലുള്ള സീറ്റുകളില്‍ ധാരണയാകാന്‍ സമയമെടും. കഴിഞ്ഞവര്‍ഷം രാഷ്ട്രീയത്തിലിറങ്ങിയ നിഷാദ നേതാവ് മുകേഷ് സാഹ്നി യുപിഎ പാളയത്തിലെത്തിയത് എന്‍ഡിഎയ്ക്ക് തിരിച്ചിടിയായിട്ടുണ്ട്. പക്ഷേ ബിഹാറില്‍  സഖ്യം റെക്കോര്‍ഡ് നേട്ടമുണ്ടാക്കുമെന്ന സര്‍വേ ഫലങ്ങളിലാണ് എന്‍ഡിഎയുടെ വിശ്വാസം. 

MORE IN INDIA
SHOW MORE