ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ്, മൂന്നു പെൺകുട്ടികളെ കണ്ടെത്തി

നടി ഭാനുപ്രിയയുടെ വീട്ടിൽ ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളെ വീട്ടിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കുട്ടികളിൽ ഒരാളുടെ അമ്മ നൽകിയ പരാതിയെത്തുടർന്നാണ് പരിശോധന നടത്തിയത്. 

ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ വീട്ടമ്മയാണ് പരാതി നൽകിയത്. മകൾക്ക് പ്രതിഫലമൊന്നും നൽകുന്നില്ലെന്നും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പെൺകുട്ടി അമ്മ പരാതിപ്പെട്ടത്. കുട്ടികളെ കാണാൻ നടി അനുവദിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം ആരുടേയോ മൊബൈൽ ഫോണിൽ നിന്നും മകൾ തന്നെ വിളിച്ചെന്നും തന്നെ ശാരീരികമായും ലൈംഗീകമായും ഉപദ്രവിക്കുകയാണെന്നും പറഞ്ഞു. തുടർന്ന് മകളെ കാണാൻ ഭാനുപ്രിയയുടെ വീട്ടിലെത്തിയെങ്കിലും അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകനായ അച്യുത റാവോ നാഷനൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽ റൈറ്റ്സ് കമ്മിഷന് (എൻസിപിസിആർ)കത്തയച്ചിരുന്നു. എൻസിപിസിആർ ആണ് റെയ്ഡിന് നിർദേശം നൽകിയത്. ചൈൽഡ് ലേബർ ആക്ട് ലംഘനത്തിന് നടിയെ അറസ്റ്റ് ചെയ്യണമെന്നും അച്യുത റാവു ആവശ്യപ്പെടുന്നു. സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടോ യെന്നും പെൺകുട്ടികൾ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടോയെന്നു പരിശോധിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. 

പതിനാലുകാരിയെ വീട്ടുജോലിയ്ക്കു നിർത്തി പീഡിപ്പിച്ചതിന് നടിയ്ക്കെതിരെ കേസെടുത്തിരുന്നു. തുടർന്നാണ് റെയ്ഡ് നടന്നത്. 

മകളെ ഭാനുപ്രിയ വീട്ടുവേലയ്ക്കായി ചെന്നൈയിലേക്കു കൊണ്ടു പോയെന്നും ക്രൂരമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. സമാൽകോട്ട പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സംഭവത്തിൽ നടിയുടെ സഹോദരനെതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം, പെൺകുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണത്തിന് പരാതി നൽകിയിട്ടുണ്ടെന്നു ഭാനുപ്രിയ ചൂണ്ടിക്കാട്ടി. സ്വർണവും മറ്റു വസ്തുക്കളും മോഷ്ടിച്ച് പെൺകുട്ടി അമ്മയ്ക്കു കൈമാറിയെന്നു നടി പരാതിപ്പെടുന്നു. മോഷണം കണ്ടുപിടിക്കപ്പെട്ടപ്പോൾ  ചിലത് തിരിച്ചു തരികയും ചെയ്തു. എന്നാൽ ഐ പാഡ്, ക്യാമറ, വാച്ച് എന്നിവ തിരികെ തന്നില്ല. – നടി പറഞ്ഞു