വാറന്റില്ലാതെ വരാൻ എങ്ങനെ ധൈര്യം വന്നു ? പൊട്ടിത്തെറിച്ച് മമത

mamata-strike-bengal
SHARE

ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകേസുകളിൽ സിറ്റി പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സിബിഐ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ കേന്ദ്ര സർക്കാർ മണിക്കൂറുകൾക്കകം സിആർപിഎഫിനെ (കേന്ദ്ര റിസർവ് പൊലീസ് സേന) വിന്യസിച്ചതോടെ കേന്ദ്ര,സംസ്ഥാന ഏറ്റുമുട്ടൽ അത്യപൂർവമായ ഭരണഘടനാ പ്രതിസന്ധിയിലേക്കു നീങ്ങുന്നു. പ്രോട്ടോക്കോൾ നോക്കാതെ കമ്മിഷണറുടെ വസതിയിലേക്കു പാഞ്ഞെത്തിയ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. പിന്നാലെ മധ്യ കൊൽക്കത്തയിൽ ധർണയിരിക്കുകയും ചെയ്തു. വിഷയത്തിൽ സിബിഐ ഇന്നു സുപ്രീം കോടതിയെ സമീപിച്ചേക്കും

ശാരദ, റോസ് വാലി കേസുകളിലെ ചില രേഖകൾ കാണാതായതു സംബന്ധിച്ച് ചോദ്യം ചെയ്യാനാണു നാൽപതോളം പേർ  വരുന്ന സിബിഐ സംഘം ലൗഡൻ സ്ട്രീറ്റിലെ സിറ്റി കമ്മിഷണറുടെ വസതിയിലെത്തിയത്. ഇവരെ പൊലീസ് ത‍‍ടഞ്ഞു. ഇതോടെ കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കത്ത് നൽകാൻ സിബിഐ ഉദ്യോഗസ്ഥർ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തതായും ഫോണുകൾ പിടിച്ചെടുത്തതായും സിബിഐ ആരോപിക്കുന്നു. കമ്മിഷണറുടെ വീടിനു മുന്നിലുണ്ടായിരുന്ന സിബിഐ ഉദ്യോഗസ്ഥരിൽ ചിലരെ ബലമായി പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.

ഇതിനിടെ, സിബിഐ കിഴക്കൻ മേഖല ജോയിന്റ് ഡയറക്ടർ പങ്കജ്  ശ്രീവാസ്തവയുടെ ഓഫിസ് ഉൾപ്പെടുന്ന മേഖല കൊൽക്കത്ത പൊലീസ് വളഞ്ഞു. അറസ്റ്റിനു നീക്കമെന്ന് അഭ്യൂഹം പ്രചരിച്ചതോടെ സ്ഥിതി സ്ഫോടനാത്മകമായി.

മുഖ്യമന്ത്രി മമത ബാനർജിയും ഡിജിപി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഇതിനിടെ കമ്മിഷണറുടെ വസതിയിലെത്തി. ‘വാറന്റില്ലാതെ കമ്മിഷണറുടെ വീട്ടിലേക്കു വരാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു ? എന്റെ ഉദ്യോഗസ്ഥരെ സംരക്ഷിക്കേണ്ടത് എന്റെ ചുമതലയാണ്.’ 

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത ഷായും നടത്തുന്ന പകപോക്കൽ രാഷ്ട്രീയമാണിതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരായ സമരത്തിനു മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണയും മമത അഭ്യർഥിച്ചു

അതേസമയം, സുപ്രീം കോടതി നിർദേശപ്രകാരമാണു ശാരദ ചിട്ടി തട്ടിപ്പു കേസ് സിബിഐ അന്വേഷിക്കുന്നതെന്നും പരമോന്നത നീതിപീഠത്തെയാണു മമത അപമാനിച്ചിരിക്കുന്നതെന്നും ബിജെപി പ്രതികരിച്ചു

ചെറുകിട നിക്ഷേപകരിൽനിന്നു വൻതോതിൽ പണം സ്വീകരിച്ചു തട്ടിപ്പു നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ശാരദ, റോസ് വാലി ചിട്ടിഫണ്ട് കേസുകളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളടക്കം മുൻപ് അറസ്റ്റിലായിരുന്നു. റോസ് വാലി കേസിൽ മാത്രം 17,000 കോടി രൂപയുടെ തട്ടിപ്പു നടന്നതായി കണക്കാക്കുന്നു. മമത ബാനർജി സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നെങ്കിലും സുപ്രീം കോടതി നിർദേശപ്രകാരം സിബിഐഅന്വേഷണം നടത്തുന്നതാണ് ഏറ്റുമുട്ടലിനു കളമൊരുക്കിയത്.

ബംഗാളിൽ സിബിഐക്ക് പ്രവർത്തനാനുമതിയില്ല

ബംഗാളിൽ സിബിഐക്കുള്ള പ്രവർത്തനാനുമതി കഴിഞ്ഞ നവംബർ 16നു സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സിബിഐക്ക് ഒരു സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അനുമതി ആവശ്യമാണ്.

MORE IN INDIA
SHOW MORE