കിരീടവും ചെങ്കോലും തേജസ്വിക്ക്; പടയൊരുക്കത്തിന് ആർജെഡി; നവമുഖം

bihar
SHARE

അങ്ങേയറ്റം പരിതാപകരമായ റോഡുകള്‍ വേഗത്തില്‍ നന്നാക്കാന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഒരു എളുപ്പവഴി നിര്‍ദേശിച്ചു. പൊതുജനത്തിനായി ഒരു വാട്സാപ്പ് നമ്പര്‍ നല്‍കി. തകര്‍ന്ന റോഡുകളെക്കുറിച്ചും ജോലികളുടെ പുരോഗതിയെക്കുറിച്ചും നാട്ടുകാര്‍ക്ക് സന്ദേശമയക്കാം. കിട്ടിയ സന്ദേശങ്ങളില്‍ 44,000 എണ്ണം തേജസ്വിക്കുള്ള വിവാഹാഭ്യര്‍ഥനകളായിരുന്നു. ലാലു പ്രസാദ് യാദവിന്‍റെയും റബ്റി ദേവിയുടെയും മകന് ബീഹാറില്‍ ജനപ്രീതി ഉയരുകയാണ്.  ലാലുപ്രസാദ് യാദവിന്‍റെ ആര്‍ജെഡിയുടെ തലപ്പത്ത് തേജസ്വിയാദവ് എന്ന മുന്‍ ക്രിക്കറ്റര്‍ തന്‍റെ ഇന്നിങ്സ് മനോഹരമായാണ് തുടങ്ങിയത്. നിതീഷ് കുമാറുമായുള്ള സഖ്യം മുറിഞ്ഞശേഷം ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും പാര്‍ട്ടിയിലെ കമാന്‍ഡിങ് പവറായി മാറിക്കഴിഞ്ഞു ഇൗ ഇരുപത്തൊന്‍പതുകാരന്‍. കാലിത്തീറ്റ കുംഭകോണക്കേസില്‍ പിതാവ് ജയിലില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പാര്‍ട്ടിയുടെ നവമുഖം. ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആർജെഡിയുടെ മുന്‍നിര ബാറ്റ്സ്മാനായിരിക്കും തേജസ്വി. 

രണ്ടുമുഖ്യമന്ത്രിമാരുടെ മകന്‍

തേജസ്വിയുടെ ചെറിയ ജീവിതം ബോളിവുഡ് സിനിമയ്ക്കു പറ്റിയതാണ്. മുഴുവന്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. 1990 മുതല്‍ 2005വരെ ബീഹാര്‍ ഭരിച്ച ലാലുവിന്‍റെയും റാബ്റിയുടെയും മകന്‍. രണ്ടുമുഖ്യമന്ത്രിമാരുടെ മകന്‍  പത്താംതരം പാസാകും മുന്‍പേ പഠിപ്പുനിര്‍ത്തി. ബാറ്റും ബോളുമെടുത്ത് ക്രിക്കറ്റ് കളിക്കാനിറങ്ങി. 2008 ല്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനുവേണ്ടി മധ്യനിര ബാറ്റ്സ്മാനായി അഞ്ചുമാച്ച് കളിച്ചു. ജാര്‍ഖണ്ഡ് ടീമിലും കുറച്ചുനാള്‍. അതോടെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചു. പിന്നെ കാണുന്നത് ബീഹാറിലെ പരുക്കനായ രാഷ്ട്രീയ പിച്ചിലാണ്. അവിടെ കളമറിഞ്ഞു കളിച്ചു. മൂത്തസഹോദരനായ തേജ് പ്രതാപും  ഇളയ ഏഴു സഹോദരിമാരുമൊക്കെയുണ്ടായിട്ടും വിക്കറ്റ് നഷ്ടപ്പെട്ടില്ല. ലാലുവിന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി. ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യസര്‍ക്കാരില്‍ ബിഹാറിന്‍റെ ഉപമുഖ്യമന്ത്രിയായി 2015ല്‍ചുമതലയേല്‍ക്കുമ്പോള്‍ തേജസ്വിക്കു പ്രായം 26 വയസ്.

ക്രിക്കറ്റിനെക്കാളും പുസ്തകങ്ങളെക്കാളും രാഷ്ട്രീയം എളുപ്പത്തില്‍ വഴങ്ങി തേജസ്വിക്ക്. മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ വിഷയങ്ങളെക്കുറിച്ച് നല്ല ധാരണയോടെ പഠിച്ചുവന്നു പങ്കെടുത്തു. ഇന്ത്യയില്‍ തന്നെ ഏറ്റവും സാക്ഷരതാനിരക്ക് കുറഞ്ഞ സംസ്ഥാനത്ത് പത്താംതരം പാസാകാത്ത നേതാവ് സ്വാധീനമുണ്ടാക്കുന്നതുപോലെയായിരുന്നില്ല അത്. ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് പഠിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ഉള്‍പ്പെടെയുള്ളവരുമായി അടുത്ത സൗഹൃമുണ്ടാക്കി. ഇൗയടുത്ത് ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയപ്പോള്‍ മായാവതിയെയും അഖിലേഷിനെയും സന്ദര്‍ശിച്ചു. സഖ്യം പിരിഞ്ഞ് ബിജെപിയുമായി കൂട്ടുചേര്‍ന്ന നിതീഷിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. സരസമായ കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളും തേജസ്വിയെ താരമാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും അഴിമതിരഹിത പ്രതിച്ഛായയൊന്നുമില്ല തേജസ്വിക്ക്.   ഉപമുഖ്യമന്ത്രിയായപ്പോള്‍ താമസിച്ചിരുന്ന ബംഗ്ലാവില്‍ നിന്ന്, സഖ്യം പിരിഞ്ഞ് സ്ഥാനം പോയിട്ടും മാറാന്‍ തയാറായില്ല. ഒടുവില്‍‌ കോടതി ഇടപെടേണ്ടി വന്നു.   

ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ ലാലുപ്രസാദ് യാദവ് ഒരിയ്ക്കല്‍ ചോദിച്ചു. ‘ ഈ ഐടി– വൈടി’ എന്നുവച്ചാല്‍ എന്താണ് ? (Ye IT-YT kya he?) രാജ്യം ഐടി മേഖലയില്‍ രാജ്യം വന്‍കുതിച്ചുചാട്ടം നടത്താനൊരുങ്ങുമ്പോള്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ചോദിച്ച ചോദ്യമാണിതെന്നോര്‍ക്കണം. അതേ ലാലുപ്രസാദ് യാദവിന്‍റെ ട്വിറ്റര്‍ പേജില്‍ (അദ്ദേഹം ജയിലിലാണെങ്കിലും) ഇന്ന് എല്ലാ ദിവസവും അപ്ഡേഷനുണ്ട്. സമൂഹമാധ്യമങ്ങളിലേക്ക് ആര്‍ജെഡിയെ നയിക്കാന്‍ മുന്‍കയ്യെടുത്തത് തേജസ്വിയുടെ നേതൃത്വത്തിലാണ്. 

തേജസ്വിയും തേജ് പ്രതാപും 

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ പോകുംമുന്‍പ് അനുജനെ കിരീടവും ചെങ്കോലും ഏല്‍പ്പിച്ചത് ജേഷ്ഠ്യന്‍ തേജ് പ്രതാപിന് അത്ര രസിച്ചിട്ടില്ല. അഭിനയമോഹവുമായി നടന്ന, നിതീഷ് കുമാര്‍ –ആര്‍ജെഡി സഖ്യസര്‍ക്കാരില്‍ മന്ത്രിയായിരുന്ന തേജ് പ്രതാപ് രാഷ്ട്രീയം കാര്യമായി എടുത്തപ്പോഴേക്കും അവിടെ അനുജന്‍ കളം പിടിച്ചു കഴിഞ്ഞിരുന്നു. പൊതുയോഗങ്ങളില്‍ സ്വയം ശ്രീകൃഷ്ണനായും അനുജനെ അര്‍ജുനനായുമാണ് തേജ് വിശേഷിപ്പിക്കുന്നത്. സഹോദരന്‍മാര്‍ തമ്മിലുള്ള അധികാരത്തര്‍ക്കം  തിരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിക്കാനിടയില്ല. പടനയിക്കുന്നത് ആരായാലും ബിജെപിയും ജെഡിയുവും ചേര്‍ന്ന ശക്തമായ സഖ്യത്തെ നേരിടുക വെല്ലുവിളിയാകുമെന്നുറപ്പ്. ആകെയുള്ള 40 സീറ്റില്‍ പത്തെണ്ണത്തില്‍ കൂടുതല്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് നല്‍കാനില്ലെന്ന് പ്രഖ്യാപിച്ച് തേജസ്വി പടയൊരുക്കം തുടങ്ങി.

MORE IN INDIA
SHOW MORE