രാമക്ഷേത്രം 2025ല്‍ മതി; ബിജെപിയെ സമ്മര്‍ദത്തിലാക്കില്ല: അയഞ്ഞ് ആര്‍.എസ്.എസ്

joshi
SHARE

രാമക്ഷേത്ര നിര്‍മാണത്തില്‍ നിലപാട് മയപ്പെടുത്തി ആര്‍.എസ്.എസ്. രാമക്ഷേത്രം 2025ല്‍ നിര്‍മിച്ചാല്‍ മതിയെന്ന്  ആര്‍.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍  ബിജെപിയെ സമ്മര്‍ദത്തിലാക്കുന്ന നടപടികള്‍ ആര്‍.എസ്.എസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ആര്‍.എസ്.എസ് ജനറൽ സെക്രട്ടറി  ഉത്തര്‍പ്രദേശില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വ്യക്തമാക്കി. അതേസമയം അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍എസ്എസ് രംഗത്തുവന്നു.

ഉത്തര്‍പ്രദേശ് പ്രയാഗ്‍രാജില്‍ കുംഭമേളയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ജോഷി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക 2025 ലാകും എന്ന് വ്യക്തമാക്കിയത്. രാമക്ഷേത്ര പണിയുന്നതിനുള്ള തടസം നീക്കാന്‍ ഉടന്‍ നിയമനിര്‍മാണം നടത്തുകയോ, ഒാര്‍ഡിനന്‍സ് ഇറക്കുകയോ വേണമെന്ന് ആര്‍എസ്എസും ശിവസേനയും നിലപാട് കടുപിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി വന്നശേഷം തുടര്‍ നടപടിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. ഇതോടെയാണ് ആര്‍എസ്എസ് നിലപാട് മയപ്പെടുത്തിയത്. 1952ല്‍ ഗുജറാത്തില്‍ സോംനാഥ ക്ഷേത്രം നിര്‍മിച്ചതുപോെല 2025 ല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നും ഇതോടെ, രാജ്യത്തിന്‍റെ വളര്‍ച്ചയുടെ വേഗം കൂടുമെന്നും സുരേഷ് ജോഷി വ്യക്തമാക്കി.

നാഗ്പുരില്‍ നടന്ന പൊതുപരിപാടിയിലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. യുദ്ധമില്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ വലിയ തോതില്‍ സൈനികര്‍ മരിച്ചു വീഴുന്നു. ഇതിനര്‍ഥം നമ്മള്‍ ജോലി കൃത്യമായെടുക്കുന്നില്ല എന്നതാണ്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. തൊഴിലില്ലായ്മയും വിലക്കയറ്റവും ഒരു വ്യക്തിയെയല്ല, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയമാണെന്നും മോഹന്‍ ഭാഗത് ലോക്സഭാ തിരഞ്ഞെടുപ്പ് മനസില്‍വെച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

MORE IN BREAKING NEWS
SHOW MORE