പട്ടിണിപ്പാവങ്ങള്‍ക്ക് മുന്നില്‍ വജ്രമാലയിട്ട് കേക്ക് മുറിച്ച ആ മായാവതി; ഇനി..?

1995 ജൂണ്‍ 2 വൈകുന്നേരം. ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍ ബിജെപി എംഎല്‍എമാരുമായുള്ള യോഗത്തിലായിരുന്നു ബിഎസ്പി നേതാവ് മായാവതി. സമാജ് വാദി പാര്‍ട്ടിപ്രവര്‍ത്തകരുടെ വലിയൊരു കൂട്ടം ഗസ്റ്റ് ഹൗസിലേക്ക് ഇരച്ചെത്തി. മുലായം സിങ് യാദവിന്‍റെ എസ്പി സര്‍ക്കാരിനുള്ള പിന്തുണ ബിഎസ്പി പിന്‍വലിച്ചതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. യുപി രാഷ്ട്രീയത്തിലെ ഉരുക്കുവനിതയ്ക്ക് ജീവന്‍ രക്ഷിക്കാന്‍ അടച്ചിട്ട മുറിക്കുള്ളില്‍ ഒരു രാത്രി കഴിയേണ്ടിവന്നു. പിറ്റേന്നു രാവിലെ, ജൂണ്‍‌ 3ന് മായാവതി മുറിക്കു പുറത്തിറങ്ങുന്നത് ഉത്തര്‍പ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായാണ്. ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാര്‍. 

'രാജ്യത്തെ ആദ്യ വനിതാ ദലിത് മുഖ്യമന്ത്രി' എന്ന് ചരിത്രത്തിലേക്ക് സ്വന്തം പേര് എഴുതിച്ചേര്‍ത്തു. മുപ്പത്തിയൊമ്പതാം വയസില്‍, ഭരണപരിചയമോ രാഷ്ട്രീയപാരമ്പര്യമോ ഒന്നുമില്ലാതെ ഒരു സാധാരണക്കാരി ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി. അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു പറഞ്ഞു. " ‘ഇതാണ് ജനാധിപത്യത്തിന്‍റെ മാജിക്..’. 

നയ്നാകുമാരിയില്‍ നിന്ന് മായാവതിയിലേക്ക്

തപാല്‍വകുപ്പിലെ ക്ലര്‍ക്ക് പ്രഭുദാസിന്‍റെ മകള്‍ നയ്നാകുമാരി ഡല്‍ഹിയിലാണ് ജനിച്ചതും വളര്‍ന്നതും. നിരക്ഷരയായിരുന്നു അമ്മ, അതുകൊണ്ടുതന്നെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന വാശിക്കാരിയും. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദം സ്വന്തമാക്കിയ നയ്നാകുമാരി അധ്യാപികയായി ജോലിക്ക് കയറി. ഒപ്പം സിവില്‍ സര്‍വീസിനുള്ള തയാറെടുപ്പും. മികച്ച സംഘാടകയും പ്രാസംഗികയുമായിരുന്ന നയനാകുമാരി ബഹുജന്‍ സമാജ് വാദി പാര്‍ട്ടി സ്ഥാപകനേതാവ് കാന്‍ഷി റാമിന്‍റെ  ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം അവരെ ബിഎസ്പിയിലേക്ക് ക്ഷണിച്ചു. രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനത്തെ കുടുംബം ശക്തമായി എതിര്‍ത്തു.

അതു വകവയ്ക്കാതെ നയനാകുമാരി വീടുവിട്ടിറങ്ങി. ബിഎസ്പിയില്‍ അംഗമായി, മായാവതിയായി. 1984ല്‍. കാന്‍ഷിറാമിനൊപ്പമായിരുന്നു ജീവിതം. 2006ല്‍ അദ്ദേഹത്തിന്‍റെ മരണംവരെ. ഗുരുശിക്ഷ്യബന്ധമെന്നതിനപ്പുറം ആ അടുപ്പത്തെക്കുറിച്ച് മറ്റൊന്നും പറയാന്‍ ഇരുവരും താല്‍പര്യപ്പെട്ടിരുന്നില്ല. 1989 മുതല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സജീവമായി. കാന്‍ഷിറാമിന്‍റെ ആരോഗ്യനില മോശപ്പെട്ടതോടെ  ബിഎസ്പിയുടെ നേതൃത്വം ഏറ്റെടുത്തു. പാര്‍ട്ടി ഇന്ത്യയില്‍ വളര്‍ന്നു, പാര്‍ട്ടിക്കൊപ്പം മായാവതിയും. 

അധികാരത്തിന്‍റെ മായാലോകം 

പാര്‍ട്ടിക്കായി ഫണ്ട് കണ്ടെത്താനുള്ള മിടുക്കാണ് ആദ്യകാലത്ത് മായാവതിയെ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ കാന്‍ഷിറാമിനെ പ്രേരിപ്പിച്ചത്. പിന്നീട് പാര്‍ട്ടി ഫണ്ട് പാര്‍ട്ടി അധ്യക്ഷയുടെ സ്വന്തം ഫണ്ടായി. അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവന്നുതുടങ്ങി. 

2001ല്‍ സിബിഐ മായാവതിയുടെ വീട് റെയ്ഡ് ചെയ്തു. തന്‍റെ സമ്പാദ്യത്തിന്‍റെ അടിസ്ഥാനം ജനങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും സമ്മാനങ്ങളും സംഭാവനയുമാണെന്നായിരുന്നു മായാവതിയുടെ വാദം.

തെളിവുകളില്ലാത്തതിനാല്‍ അവര്‍ക്കെതിരായ പരാതി ഡല്‍ഹി ഹൈക്കോടതി തള്ളി. സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിനായി രൂപീകരിച്ച പാര്‍ട്ടിയുടെ അധ്യക്ഷ ഏകാധിപതിയായ ഭരണകര്‍ത്താവായി മാറുന്നതാണ് പിന്നെ കണ്ടത്. 

ദേശീയപാര്‍ട്ടിയായി ബിഎസ്പി വളരണമെന്ന കാന്‍ഷിറാമിന്‍റെ വീക്ഷണമൊക്കെ മറന്ന് മായാവതി ഉത്തര്‍പ്രദേശിന്‍റെ അധികാരരാഷ്ട്രീയത്തില്‍ രസംപിടിച്ചു. ധൂര്‍ത്ത് സീമകള്‍ ഭേദിച്ചു. ബഹന്‍ജിയുടെ ജന്‍മദിനം വിശിഷ്ടദിനങ്ങളേക്കാള്‍ വലിയ ആഘോഷമായി. അന്ന് നിര്‍ബന്ധിത പിരിവ് നടത്തി. 

ഒരു ദിവസം ഒരു നേരം വയറുനിറയ്ക്കാനില്ലാത്ത ജനങ്ങള്‍ക്കുമുന്നില്‍ മായാവതി വജ്രാഭരണങ്ങളണിഞ്ഞ് കൂറ്റന്‍ പിറന്നാള്‍ കേക്കു മുറിച്ചു. ഒരു കഷണം കേക്കിനായി ജനക്കൂട്ടം അടിപിടികൂടുന്നത് പിറന്നാളാഘോഷങ്ങളിലെ പതിവ് കാഴ്ചയായി.

ഒരു ജോഡി ചെരുപ്പുകൊണ്ടുവരാന്‍ ഒരു പ്രൈവറ്റ് ജെറ്റ് യുപിയില്‍ നിന്ന്  മുംബൈയ്ക്കയച്ചെന്നുവരെ ആരോപണങ്ങള്‍. വരുതിക്കു നില്‍ക്കാത്ത ഉദ്യോഗസ്ഥരെ തോന്നുംപോലെ സ്ഥലംമാറ്റി ദ്രോഹിച്ചു. അഴിമതിക്കേസുകളിലൊന്നും കുലുങ്ങാത്ത മായാവതി 2007– 2008 വര്‍ഷം അടച്ച നികുതിപ്പണം എത്രയെന്നോ?. 26 കോടി. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതിയടയ്ക്കുന്നവരില്‍ ഇരുപതാംസ്ഥാനത്ത്. വോട്ടെന്ന താല്‍ക്കാലികലാഭം മുന്നില്‍ക്കണ്ട് അശാസ്ത്രീയമായി തട്ടിക്കൂട്ടിയ ജനപ്രിയ പദ്ധതികള്‍ക്കായി ഖജനാവില്‍ നിന്ന് കോടികള്‍ പൊടിച്ചു. സംസ്ഥാനവരുമാനത്തിന്‍റെ 30 ശതമാനത്തോളം കടബാധ്യതയുടെ പലിശയായി അടക്കേണ്ട സ്ഥിതി. 

6000 കോടി മുടക്കി സംസ്ഥാനത്തുടനീളം സ്വന്തം പ്രതിമകള്‍ പണിതുയര്‍ത്തി. മുഴുപ്പട്ടിണിയില്‍ കഴിയിയുന്ന യുപിയിലെ മഹാഭൂരിപക്ഷം ആ പ്രതികളിലേക്ക് നിവര്‍ന്നുനിന്ന് നോക്കാന്‍ പാടുപെട്ടു. ഏറ്റവുമൊടുവില്‍ ദലിത് ക്ഷേമത്തിനായി  രൂപീകരിച്ച പാര്‍ട്ടിയിയില്‍ ബ്രാഹ്മണ സ്ഥാനാര്‍ഥികളും ഇടംപിടിച്ചു.

മുന്നാക്കവിഭാഗത്തിന്‍റെ വോട്ട് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.  രാജ്യത്ത് ജാതി രാഷ്ട്രീയത്തിന് വേരുപാകിയ നേതാവ് ഇടയ്ക്ക് ബുദ്ധമതം സ്വീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. "ഹാഥി നഹി, ഗണേഷ് ഹെ, ബ്രഹ്മ വിഷ്ണു മഹേഷ് ഹെ' എന്ന്് അന്ന് ബിഎസ്പിക്കെതിരെ മുദ്രാവാക്യമുയര്‍ന്നു.

ഹിന്ദു, ബ്രാഹ്മണ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്ന് മനസിലാക്കിയ മായാവതി ഉടനടി വിശ്വാസം വിട്ടുപിടിച്ചു. ബഹന്‍ജിയുടെ തിരഞ്ഞെടുപ്പുതന്ത്രങ്ങളൊക്കെ പാളുന്നതാണ് പിന്നീട് കണ്ടത്. 80 സീറ്റുകളുള്ള യുപിയില്‍ 2014 ലോക്സഭാതിരഞ്ഞെടുപ്പില്‍ ബിഎസ്പി സംപൂജ്യരായി തോറ്റമ്പി. 

2002ല്‍ ആദ്യമായി എംപിയായ ശേഷമുള്ള അഖിലേഷ് യാദവിന്‍റെ ആദ്യ ഡല്‍ഹിയാത്ര. ഒപ്പം ഭാര്യ ഡിപിംള്‍ യാദവ്. അതേ ഫ്ലൈറ്റില്‍ മായാവതിയും. ഡിംപിളിന്‍റെ 'നമസ്കാര്‍' സ്വീകരിക്കാതെ നടന്നുനീങ്ങിയ മായാവതിയെ സ്മരിക്കുന്നത് പഴയ സെക്യൂരിറ്റി ഓഫിസര്‍ പദം സിങ്ങാണ്. ആരോടും മറക്കാത്ത, ക്ഷമിക്കാത്ത അതേ ഉരുക്കുവനിത എല്ലാം മറന്ന് ഇന്ന് അഖിലേഷിന്‍റെ കൈപിടിക്കുന്നു.

അധികാരരാഷ്ട്രീയത്തില്‍  അതിശയിക്കാനൊന്നുമില്ലാത്ത മാറ്റം. അധികാരത്തിലേക്കുള്ള ദൂരം അഖിലേഷിന്‍റെ സൈക്കിളില്‍ താണ്ടാമെന്നാണ് ബഹന്‍ജിയുടെ കണക്കുകൂട്ടല്‍. ഒപ്പം ആ മനസ്സില്‍ ആ വലിയ കസേരയും തെളിഞ്ഞു കിടപ്പുണ്ടാകാം. ഡല്‍ഹിയിലെ ആ ‘പ്രധാന’ കസേരയിലേക്ക് ഇനിയും ദൂരം ഒരുപാടുണ്ട്.