ആഘോഷിക്കപ്പെട്ട 'ബേട്ടി പഠാവോ ബേട്ടി ബചാവോ'; ലക്ഷ്യം പ്രശസ്തി മാത്രമോ; റിപ്പോർട്ട്

beti-patao-beti-bachavo
Image: AFP
SHARE

2015 ജനുവരി 22നാണ് 'ബേട്ടി ബചാവോ ബേട്ടി പഠാവോ' ബിജെപിയുടെ അഭിമാനപദ്ധതിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കുറഞ്ഞുവരുന്ന പെണ്‍ശിശുജനനനിരക്ക് വർധിപ്പിക്കുക, പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ കൃത്യം നാല് വർഷങ്ങൾക്കിപ്പുറം ഈ പദ്ധതിയുടെ അവസ്ഥ എന്താണ്?

സർക്കാർ തന്നെ നൽകിയ രേഖകളനുസരിച്ച് 2015ൽ നിന്ന് 2019ലേക്ക് എത്തുമ്പോൾ പദ്ധതിയുടെ ലക്ഷ്യം പ്രചാരണവും പ്രശസ്തിയും മാത്രമായി ചുരുങ്ങിയെന്ന് വ്യക്തമാക്കുന്നു. പദ്ധതിക്കായി അനുവദിച്ച തുകയിൽ 56 ശതമാനവും ചിലവഴിച്ചത് പരസ്യങ്ങൾക്കും മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾക്കും വേണ്ടിയാണ്. 25 ശതമാനത്തിൽ താഴെ മാത്രമാണ് സംസ്ഥാനങ്ങൾക്കും ജില്ലകൾക്കുമായി നൽകിയത്. 19 ശതമാനത്തോളം തുക വകയിരുത്തിയിട്ടേ ഇല്ല. 

കപിൽ പാട്ടീൽ, ശിവ്കുമാര്‍ ഉദാസി (ബിജെപി), കോൺഗ്രസിന്റെ സുഷ്മിത ദേവ് (കോണ്‍ഗ്രസ്), ഗുത സുഖേന്ദർ (ടിആർഎസ്), സഞ്ജയ് യാദവ് ( ശിവസേന) എന്നീ എംപിമാരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വനിതാ ശിശുക്ഷേമന്ത്രി ഡോ.വീരേന്ദ്ര കുമാർ ലോക്സഭയിൽ പറഞ്ഞ കണക്കുകളാണിത്. ഇതുവരെ 644 കോടി രൂപയാണ് കേന്ദ്രസർക്കാർ പദ്ധതിക്കായി വകയിരുത്തിയത്. ഇതിൽ 159 കോടിയാണ് സംസ്ഥാനങ്ങള്‍ക്കും ജില്ലകൾക്കുമായി നൽകിയത്. 

രാജ്യത്തെ 640 ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് നാല് മാസത്തോളം മാത്രം ശേഷിക്കെ, മന്ത്രി സഭയിൽ നല്‍കിയ മറ്റൊരു വിശദീകരണം. 2015ൽ  പെൺശിശുജനനനിരക്ക് കുറഞ്ഞ 100 ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനം. രണ്ടാം ഘട്ടത്തിൽ 61 ജില്ലകളെക്കൂടി പദ്ധതിയിൽ ചേർത്തു. ഈ 161 ജില്ലകളിലെയും പെൺശിശു ജനനനിരക്ക് ആനുപാതം പരിശോധിക്കുമ്പോൾ പദ്ധതിക്ക് ഇവിടങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നത് വ്യക്തമാകുന്നു. 161ൽ 53 ജില്ലകളിൽ 2015 മുതൽ ഈ ആനുപാതം കുറഞ്ഞതായി കാണാം. മറ്റ് ജില്ലകളിൽ നേരിയ വർധനവും കാണാം. 

കേന്ദ്രഭരണപ്രദേശങ്ങളിലാണ് കുറവ് വ്യക്തമായി കാണാനാകുന്നത്. ഫണ്ടുകൾ വകയിരുത്തുന്നതിലെ അപാകതയാണ് പദ്ധതിയുടെ ഭാഗിക പരാജയത്തിന് പിന്നിൽ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ അവഗണിച്ച്, പ്രചാരണപരിപാടികൾക്കും പരസ്യങ്ങൾക്കുമായി ഇത്രയധികം തുക വകയിരുത്തിയതും കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

''വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കായി 10 ശതമാനം തുക മാത്രമാണ് കേന്ദ്രസർക്കാർ നീക്കിവെച്ചിട്ടുള്ളത്. ജില്ലകളിലെ പരിശീലനപരിപാടികൾക്കായി വകയിരുത്തിയത് വെറും അഞ്ച് ശതമാനം മാത്രം. തുക ചിലവാക്കിയതിൽ അധികവും പ്രചാരണത്തിനുവേണ്ടി''-സാമ്പത്തിക വിദഗ്ധ മിതാലി നികോർ പറയുന്നു. 

കേന്ദ്രസർക്കാരിന്റെ അഭിമാന പദ്ധതിയായി ഇപ്പോഴും ഉയർത്തിക്കാണിക്കുമ്പോഴും യഥാർഥത്തിൽ പദ്ധതിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാൻ സാധിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.