തിരിച്ചു വന്നോളൂ; ഒളിവിലെ ബിജെപി എംഎൽഎമാരെ പരിഹസിച്ച് കോൺഗ്രസ്

dinesh-gundu-rao
SHARE

ഒരിക്കൽക്കൂടി കർണാടകയിൽ റിസോർട്ട് രാഷ്ട്രീയം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു. ‘ഓപ്പറേഷൻ താമര’യുടെ ഇതളുകൾ അടർന്നു വീഴുന്ന കാഴ്ചയാണ് ഒടുവിൽ കാണാനായത്. ഓപ്പറേഷൻ പാളിയതിന്റെ ക്ഷീണത്തിലാണ് കർണാടക ബിജെപി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും. 

ഇതിനിടെ ഡൽഹി ഗുർഗോണിലെ റിസോർട്ടിൽ കഴിയുന്ന ബിജെപി എംഎൽഎമാരെ പരിഹസിച്ച് കർണാടക കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു രംഗത്തെത്തി. ആഡംബര റിസോർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന ബിജെപി എംഎൽഎമാർക്ക് എല്ലാവർക്കും സ്വന്തം തട്ടകത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ദിനേഷ് ഗുണ്ടുവിന്റെ പരിഹാസം. എല്ലാവരേയും തിരിച്ചു വിളിക്കുന്നു. നാണക്കേട് തോന്നേണ്ട കാര്യമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ പറയുന്നു. പുത്തൻ ഊർജവുമായി അവർ മടങ്ങിയെത്തുമെന്നു കരുതാം. ഇത്രയും കാലമായിട്ടും പൂർത്തിയാക്കാത്ത സ്വന്തം മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നാം. – ദിവേഷ് ഗുണ്ടു റാവു പറഞ്ഞു. 

കർണാടക സർക്കാരിനെ മറിച്ചിടാൻ ഊർജിത ശ്രമം നടക്കുന്നതിനിടെയായിരുന്നു ഡൽഹിയിലെ റിസോർട്ടിൽ ബിജെപി എംഎൽഎമാർ ചേക്കേറിയത്. 70 മുറികളായിരുന്നു ബുക്ക് ചെയ്തത്. ഒരു രാത്രിയ്ക്കു 27000 മുതൽ 31000 വരെയാണ് നിരക്ക്. എന്തായാലും ഓപ്പറേഷൻ ലോട്ടസ് പാളിയതോടെ ഓരോരുത്തരായി കൂടു വിട്ടിറങ്ങാൻ തുടങ്ങിയിട്ടുണ്ട്.

MORE IN INDIA
SHOW MORE