'പരാതിപ്പെട്ടാൽ നിക്ഷേപിച്ച പണം പോലും കിട്ടില്ല'; സ്വരം കടുപ്പിച്ച് നൗഹീര: വിഡിയോ

പൊലീസില്‍ പരാതി നല്‍കിയാല്‍ നിക്ഷേപിച്ച പണം തിരി‌ച്ചു കിട്ടില്ലെന്ന് കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീര ഷെയ്ക്കിന്റെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമസ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍ നിന്ന് പിന്‍മാറി. 

മതവിശ്വാസത്തെ ദുരൂപയോഗം ചെയ്ത് കേരളത്തില്‍ നിന്നു മാത്രം 300 കോടിയിലധികം തട്ടിയ നൗഹീര ഷെയ്ക്ക് അവശ്യഘട്ടങ്ങളിലെല്ലാം വീഡിയോ ക്യാമറക്ക് മുന്നിലെത്തും. ഭീഷണിയാണ് ആവശ്യമെങ്കില്‍ ഭീഷണിപ്പെടുത്തും. ഹീര ഗോള്‍ഡ് എക്സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് സ്വരം കടുപ്പിച്ചത്. പരാതി നല്‍കുന്നവര്‍ക്കൊപ്പം പണം തിരിച്ചു കിട്ടില്ലെന്നാണ് ഭീഷണി.

സ്ഥാപനം പണം കൈപ്പറ്റിയതിന് കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കേ പണം തിരിച്ചു തരൂവെന്ന് പറഞ്ഞതോടെ ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞു. ബാങ്കു വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്ക് ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഏകരേഖ. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് ഹീര ഗോള്‍ഡ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കിട്ടിയ പരാതികള്‍ പോലും സ്വീകരിച്ച് കൃത്യമായ നടപടികളിലേക്ക് കടക്കാന്‍ കേരള പൊലീസിനായിട്ടില്ല.