സംഭാവന വാരിക്കൂട്ടി ബിജെപി; മറ്റ് പാർട്ടികളെക്കാൾ 13 മടങ്ങ് അധികം

PTI2_15_2018_000230B
SHARE

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരുപതിനായിരം രൂപയ്ക്കുമുകളിലുള്ള സംഭാവനകളുടെ സിംഹഭാഗവും ലഭിച്ചത് ബിജെപിക്ക്. മറ്റു ദേശീയ പാര്‍ട്ടികള്‍ക്കെല്ലാം കൂടി ലഭിച്ച സംഭാവന ചേര്‍ത്തുവച്ചാലുള്ളതിന്റെ 13 മടങ്ങ് അധികമാണ് ബിജെപിക്ക് കിട്ടിയത്.  

ഇന്ത്യയിലെ രാഷ്ട്രീയ ഫണ്ടിങ് നിയമമനുസരിച്ച് ഒരു പാര്‍ട്ടിക്ക് ഇരുപതിനായിരം രൂപയ്ക്ക് താഴെ സംഭാവന നല്‍കുന്നയാളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. അതുകൊണ്ടാണ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഇരുപതിനായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്കെടുപ്പ് നടത്തിയത്. 

2017–18ല്‍ , ബിജെപിക്ക് ലഭിച്ചതാകട്ടെ 437 കോടി രൂപയും. കോണ്‍ഗ്രസ് ഉള്‍പ്പെയുള്ള മറ്റ് ആറ് ദേശീയ പാര്‍ട്ടികള്‍ക്കും കൂടി ആകെ ലഭിച്ചത് വെറും 32 കോടി രൂപ. ഇതില്‍ കോണ്‍ഗ്രസിനുമാത്രം 26.6 കോടി രൂപ. മായാവതിയുടെ ബിഎസ്പിക്ക് 2017–18ല്‍ ഇരുപതിനായിരം രൂപയ്ക്ക് മുകളില്‍ ഒരു സംഭാവന പോലും കിട്ടിയിട്ടില്ല. കഴിഞ്ഞ 12 കൊല്ലമായി തിരഞ്ഞെടുപ്പു കമ്മിഷനുമുന്നിലും ബിഎസ്പി ഇതേ കണക്കാണ് വെളിപ്പെടുത്തുന്നത്. 

പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് ഡല്‍ഹിയില്‍ നിന്നാണ് 208 കോടി. ഏറെ പിന്നിലായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍. കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയാകാത്തതോ, മേല്‍വിലാസം വെളിപ്പെടുത്താത്തതോ ആയ ഉറവിടങ്ങളില്‍ നിന്ന് 43 കോടി രൂപ. 

ഇരുപതിനായിരം രൂപയ്ക്കുമുകളില്‍ സംഭാവന നല്‍കിയ ആകെ 4,201 പേരില്‍ 1,361 കോര്‍പറേറ്റുകളോ ബിസിനസ് സ്ഥാപനങ്ങളോ ആണ്. 422 കോടി. 2,772 വ്യക്തികള്‍ 47 കോടി സംഭാവന ചെയ്തു. പ്രൂഡെന്റ് ഇലക്ടറല്‍ ട്രസ്റ്റ് ആണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 

154 കോടി രൂപ ബിജെപിക്കും 10 കോടി കോണ്‍ഗ്രസിനും. അതേസമയം, 2016–17ലേതിനേക്കാള്‍ കുറവാണ് 17–18 ല്‍ ബിജെപിക്ക് കിട്ടിയ സംഭാവന.  16–17ല്‍ കിട്ടിയത് 532 കോടിയായിരുന്നു.

MORE IN INDIA
SHOW MORE