'ദി ആക്സിഡന്‍റൽ പ്രൈംമിനിസ്റ്റർ' കോടതികയറുന്നു; വിവാദം കത്തുന്നു

മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെക്കുറിച്ചുള്ള സിനിമ 'ദി ആക്സിഡന്‍റൽ പ്രൈംമിനിസ്റ്റർ'  കോടതികയറുന്നു. റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ വാദംകേൾക്കും. പ്രധാനനടൻ അനുപംഖേർ ഉൾപ്പെടെ പതിനാലുപേർക്കെതിരെ കേസെടുക്കാന്‍ ബീഹാർകോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്. 

വെളളിയാഴ്ച റിലീസിന് തയ്യാറെടുക്കവേയാണ് സിനിമയെ സംബന്ധിക്കുന്ന വിവാദം കത്തുന്നത്. നവാഗതനായ വിജയ് ഗട്ടെ സംവിധാനംചെയ്യുന്ന ചിത്രത്തിൻറെ ട്രെയി്ലർ പുറത്തുവന്നതുമുതൽ എതിർപ്പും തുടങ്ങിയിരുന്നു. രാഷ്ട്രീയ അജൻഡയാണ് സിനിമയ്ക്ക് പിന്നിലെന്ന് ആരോപണം ആദ്യംഉയർ‌ത്തിയത് കോണ‍്‍ഗ്രസാണ്. മൻമോഹൻസിങ്, സോണിയാ ഗാന്ധി, പ്രിയങ്ക വദ്ര എന്നിവരെ മോശമായി ചിത്രീകരിക്കുന്നതായുള്ള ആരോപണമാണ്, ഒടുവിൽ കേസെടുക്കാനുള്ള കോടതി ഉത്തരവിലേക്ക് എത്തിയത്. അനുപംഖേറടക്കം പതിനാലുപേരെ പ്രതിയാക്കാൻ ബീഹാർ മുസാഫർപൂരിലെ കോടതിപറഞ്ഞു. 

സിനിമ പുറത്തിറങ്ങാൻ ഒരുദിവസംമാത്രം ശേഷിക്കേ, റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തിരഹർജികൾ‌ പഞ്ചാബ്-ഹരിയാന ഹൈക്കോടതികള്‍ ഫയലിൽസ്വീകരിച്ചു. സിനിമക്കെതിരായ മറ്റൊരുഹർജി ബോംബെ ഹൈക്കോടതിയും പരിഗണിച്ചേക്കും.  

മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻറെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ്ബാരുവിൻറെ പുസ്തകത്തെ അധികരിച്ചാണ് 'ദി ആക്സിഡന്‍റൽ പ്രൈംമിനിസ്റ്റർ' സിനിമ ഒരുക്കിയിട്ടുള്ളത്.