തിരഞ്ഞെടുപ്പ് അരികെ; അയോധ്യാക്കേസില്‍ ഭരണഘടനാബെഞ്ച് എന്തിന്? വിധി എപ്പോള്‍?

supreme-court-ayodhya
SHARE

അയോധ്യാക്കേസില്‍ ഓര്‍ക്കാപ്പുറത്തായിരുന്നു ഭരണഘടനാബെഞ്ച് രൂപീകരിക്കാനുളള ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ തീരുമാനം. മാനദണ്ഡങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ചീഫ് ജസ്റ്റിസുമാരാകുന്ന നാല് ജഡ്ജിമാരെയും ഭരണഘടനാബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഒപ്പം കൂട്ടി. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എന്‍.വി. രമണ, യു.യു. ലളിത്, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരെ. ഭരണഘടനാബെഞ്ച് എന്തിനു രൂപീകരിച്ചുവെന്ന ചോദ്യം നിയമവൃത്തങ്ങള്‍ക്കിടയില്‍ വന്‍ചര്‍ച്ചയായിരിക്കുകയാണ്.

1993ല്‍ നരസിംഹറാവു സര്‍ക്കാര്‍ പാസാക്കിയെടുത്ത അയോധ്യാ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്‍റെ ഭരണഘടനാസാധുത വീണ്ടും പരിശോധിക്കാനാണോ ? ഇസ്‍ലാം മതാചാരപ്രകാരം പ്രാര്‍ഥനയ്ക്ക് പളളി അനിവാര്യഘടകമല്ലെന്ന ഇസ്മായില്‍ ഫാറൂഖി കേസിലെ അഞ്ചംഗബെഞ്ചിന്‍റെ വിധി പുന:പരിശോധിക്കാനാണോ ? ഭൂമിതര്‍ക്കം മാത്രമല്ലെന്ന് കൃത്യമായി ബോധ്യപ്പെട്ടതിനാലാണോ ? ഭരണഘടന ഉയര്‍ത്തിപിടിക്കുന്ന മതേതരത്വത്തെ സംരക്ഷിക്കാനാണോ ? മതേതരത്വം തകരാനുളള അംശങ്ങള്‍ അയോധ്യാവിഷയത്തിലുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണോ ?

ഒരു സിവില്‍ അപ്പീല്‍ കേസില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നത് അത്യപൂര്‍വ നടപടിയാണ്. അതും രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍. രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ കടുത്തഭാഷയില്‍ ആവശ്യപ്പെടുന്ന സമയത്ത്. സുപ്രീംകോടതി വിധിക്ക് ശേഷം ഓര്‍ഡിനന്‍സില്‍ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി കഴിഞ്ഞു. 

അയോധ്യാക്കേസില്‍ മൂന്നംഗബെഞ്ച് പോരെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് കണക്കുകൂട്ടിയിട്ടുണ്ടെങ്കില്‍ അത് വെറുതെയാകില്ലെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. അന്തിമവാദത്തിന്റെ തീയതിയും പരിഗണിക്കേണ്ട വിഷയങ്ങളും തീരുമാനിക്കുന്നതോടെ കോടതിക്കുളളില്‍ തീപാറും. ഭൂമിതര്‍ക്കം മാത്രമാണെന്നും ഭരണഘടനാബെഞ്ച് വേണ്ടെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും നിലപാട്. ഭരണഘടനാബെഞ്ച് രൂപീകരിച്ചതോടെ ഈവാദം ഫലത്തില്‍ കോടതി തളളിയിരിക്കുന്നുവെന്ന് മനസിലാക്കേണ്ടി വരും.

അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്‍റ് ഭൂമിയാണ് വിവാദത്തില്‍ കിടക്കുന്നത്. അലഹബാദ് ഹൈക്കോടതി ഈ ഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കി. വിധിക്കെതിരെയുളള പതിനാറ് അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.

MORE IN INDIA
SHOW MORE