മോദി സര്‍ക്കാരിന് രാഷ്ട്രീയ തിരിച്ചടി; തോന്നുംപടി പാടില്ലെന്ന ചരിത്ര ഉത്തരവ്: ഇനി?

modi-supreme-court-cbi
SHARE

ആലോക് വര്‍മ കേസിലെ സുപ്രീംകോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനേറ്റ കനത്ത രാഷ്ട്രീയതിരിച്ചടിയാണ്. സി.ബി.ഐ. ഡയറക്ടറെ ഇനി ഒരുകാലത്തും തോന്നുംപടി മാറ്റാനാകില്ലെന്ന ചരിത്രപരമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ആലോക് വര്‍മയുടെ ഭാവി തീരുമാനിക്കാന്‍ ഉന്നതതലസമിതി ചേരുമ്പോള്‍ സമിതി അംഗമായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ നിലപാട് നിര്‍ണായകമാകും. 

സി.ബി.ഐ. ഡയറക്ടറുടെ ഭരണസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നടത്തിയത്. കേന്ദ്രത്തില്‍ ഇനി ആരു ഭരണത്തില്‍വന്നാലും സി.ബി.ഐ. ഡയറക്ടറെ രണ്ടുവര്‍ഷത്തിനുള്ളില്‍ മാറ്റാന്‍ മുതിരില്ല.  ഡയറക്ടറെ മാറ്റാന്‍ ഉന്നതതലസമിതിയുടെ അനുമതി അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1997ല്‍ വിനീത് നാരായണ്‍ കേസിലെ വിധിയില്‍ സി.ബി.ഐ. ഡയറക്ടറുടെ കാലാവധി സുപ്രീംകോടതി രണ്ടുവര്‍മായി നിശ്ചിയിട്ടുണ്ട്. 2014 മുതല്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് ഡയറക്ടറെ നിശ്ചയിക്കുന്നത്. 

സ്ഥലംമാറ്റണമെങ്കിലും സമിതിയുടെ അനുമതിവേണം. ഇക്കാര്യമാണ് ആലോക് വര്‍മയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടത്. ഇന്നത്തെ വിധിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ഒരാഴ്ചയ്ക്കകം ചേര്‍ന്ന് ആലോക് വര്‍മ തുടരണോയെന്ന് തീരുമാനിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയും കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.  

പ്രധാനമന്ത്രി നരേന്ദ്ര മോദി ആലോക് വര്‍മയ്ക്കെതിരെ നിലപാടെടുത്താലും മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ക്കും. അപ്പോള്‍ ചീഫ് ജസ്റ്റിസിന്‍റെ നിലപാടാകും സമിതിയുടെ അന്തിമതീരുമാനത്തില്‍ നിര്‍ണായകമാവുക. സമിതി അംഗീകരിച്ചാല്‍ മാത്രമേ ആലോക് വര്‍മയ്ക്ക് സി.ബി.ഐ. ഡയറക്ടര്‍ എന്ന നിലയില്‍ നയപരമായ തീരുമാനങ്ങളെടുക്കാന്‍ കഴിയൂ. ആലോക് വര്‍മയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കും.

MORE IN INDIA
SHOW MORE