കൂട്ടുകാരിയെ സ്വന്തമാക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ; ഒടുവിൽ തളളിപ്പറഞ്ഞു: കൊടുംചതി

image-for-representation
SHARE

കളിക്കൂട്ടുകാരിയെ സ്വന്തമാക്കാൻ ഇരുപത്തൊന്നുകാരിയായ യുവതി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായി. ഒരുമിച്ച് കളിച്ചു വളർന്ന കൂട്ടുകാരിയെ പിരിയാൻ മനസ് അനുവദിക്കാതെ വന്നതോടെയാണ് യുവതി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായത്. യഥാസ്ഥികരായ തങ്ങളുടെ വീട്ടുകാർ സ്വവർഗ വിവാഹത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന ബോധ്യത്താലാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ കളിക്കൂട്ടുകാരി തളളിപ്പറഞ്ഞതോടെ യുവതിയുടെ ജീവിതം തുലാസിലായി. ഹരിയാനയിൽ നിന്നാണ് 'കൊടുംചതി'യുടെ കഥ പുറത്തു വന്നത്.

ഭാര്യയെ വീട്ടുകാർ തടഞ്ഞു വച്ചിരിക്കുന്നുവെന്ന് പരാതി നൽകാനായി യുവതി പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവാഹിതരായി ഒരുമിച്ച് ജീവിക്കണമെങ്കിൽ ആരെങ്കിലും ഒരാൾ പുരുഷനാകണമെന്ന് ഇരുവരും ഒരുമിച്ചെടുത്ത തീരുമാനം ആയിരുന്നു. പത്ത് ലക്ഷം രൂപയോളം ചെലവ് വരുമെന്ന് അറിഞ്ഞതോടെ എങ്ങനെയെങ്കിലും അത്രയും രൂപ സമാഹരിച്ച് ശസ്ത്രക്രിയ നടത്താനും ഒരുമിച്ച് ജീവിക്കാനും ഇരുവരും തീരുമാനമെടുത്തു. 

ഇരുവരും ചേർന്നാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയുളള പണം സമാഹരിച്ചത്. ഡൽഹിയിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായത്. വീട്ടുകാർ ഒരിക്കലും തങ്ങളുടെ ബന്ധം അംഗീകരിക്കില്ലെന്ന് ഭാര്യയായ യുവതിയ്ക്ക് അറിയാമായിരുന്നുവെന്ന് പരാതിക്കാരൻ പറയുന്നു. താൻ വീട്ടുകാരെയും ബന്ധുക്കളെയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കാമെന്നു പറഞ്ഞാണ് യുവതി വീട്ടിലേയ്ക്ക് മടങ്ങിപ്പോയത്. പിന്നെ തിരികെ വന്നതുമില്ല. 

വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുകയാണെന്നായിരുന്നു യുവാവിന്റെ വിചാരം. പരാതി സ്വീകരിച്ച പോലീസ് യുവതിയെ ബന്ധപ്പെട്ടുവെങ്കിലും തനിക്ക് ഈ ഭർത്താവിനെ ആവശ്യമില്ലെന്നായിരുന്നു ഭാര്യയായ യുവതിയുടെ മറുപടി. ഡൽഹിയിൽ  വച്ച് വിവാഹം കഴിച്ചതിന്റെ രേഖകളും ചിത്രങ്ങളും പരാതിക്കാരൻ ഹാജാരാക്കിയെങ്കിലും പ്രായപൂർത്തിയായ യുവതിക്ക് അവരുടെ കാര്യങ്ങൾ തീരുമാനിക്കാം എന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.  നിരവധി പേരിൽ നിന്നും കടം വാങ്ങിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നും മുന്നോട്ടു ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും പരാതിക്കാരൻ പറയുന്നു. 

MORE IN INDIA
SHOW MORE