അംബാനിയുടെ പേര് പറയരുത്; എന്നാൽ 'ഡബിള്‍' എ ആക്കാം; രാഹുൽ തഗ് ലൈഫ്; ആഘോഷം

rahul-thug-life
SHARE

രാഹുൽ ഗാന്ധിയുടെ തഗ് ലൈഫ് ആഘോഷിച്ച് അണികൾ. ഇന്നലെ പാര്‍ലമെൻറിൽ നടന്ന വാദപ്രതിവാദങ്ങളാണ് പശ്ചാത്തലം. പാര്‍ലമെന്റില്‍ അനില്‍ അംബാനിയുടെ പേര് പറയരുതെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെയാണ് രാഹുല്‍ ട്രോൾ ചെയ്തത്. എങ്കില്‍ ഡബിള്‍ എന്ന് പറയാമോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുചോദ്യം.

അനില്‍ അംബാനിയുടെ പേര് പരാമര്‍ശിക്കുന്നതിനെയാണ് സ്പീക്കര്‍ സുമിത്ര മഹാജന്‍ വിലക്കിയത്. ‘എനിക്ക് അദ്ദേഹത്തിന്റെ പേര് പറയാനാവില്ലേ..?’ അതിനും നിരോധനം ഉണ്ടോ ? എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുചോദ്യം. പേര് പരാമര്‍ശിച്ചാല്‍ അത് നിയമവിരുദ്ധമാകുമെന്ന് സ്പീക്കറുടെ മറുപടി. ''മാഡം, എങ്കില്‍ ‍ഞാന്‍ അദ്ദേഹത്തെ ഡബിള്‍ എ (AA) എന്ന് വിളിച്ചോട്ടെ..?” എന്ന് വീണ്ടും രാഹുൽ. അംബാനിയുടെ പേര് പറയുന്നതിനെ ഭരണപക്ഷവും എതിര്‍ത്തു. അംബാനി ബി.ജെ.പി മെമ്പര്‍ ആണോ എന്നാണ് രാഹുല്‍ തിരിച്ച് ചോദിച്ചത്.

തുടര്‍ന്ന് പ്രസംഗത്തിലുടനീളം രാഹുല്‍ അംബാനിയെ ‘ഡബിള്‍ എ’ എന്നാണ് വിശേഷിപ്പിച്ചത്. ഇടക്ക് അനില്‍ അംബാനി എന്ന് പരാമര്‍ശിച്ചപ്പോൾ ഉടന്‍ തന്നെ ഡബിൾ എ എന്ന് തിരുത്തുണ്ടായി.

പാർലമെന്റിലെ രസകരമായ ഈ വാക്പോര് സമൂഹ മാധ്യമങ്ങളും ഏറ്റെടുത്തതോടെ സംഭവം വൈറലായി. രാഹുൽ ഗാന്ധി തഗ് ലൈഫ് എന്ന പോസ്റ്റർ ഒട്ടെറെ പേര്‍ ഷെയർ ചെയ്യുന്നുണ്ട്.

പ്രക്ഷുബ്ധമായിരുന്നു ഇന്നലെയും രാജ്യസഭ. റാഫാലിൽ വീണ്ടും തിളച്ചു. ഓഡിയോ ടേപ്പുമായി വന്ന കോൺഗ്രസിന് പ്ലേ ചെയ്യാന്‍ അനുമതി നിഷേധിക്കപ്പെട്ടപ്പോൾ രംഗം വീണ്ടും വഷളായി. കടലാസ് വിമാനങ്ങൾ സഭയിൽ മൂളിപ്പറന്നു. പ്രതിഷേധത്തിൻറെ ഭാഗമായി പലവട്ടം കടലാസ് തുണ്ടുകൾ കീറിയെറിഞ്ഞു. ആദ്യം സംസാരിച്ചത് രാഹുൽ‌ ഗാന്ധിയാണ്. ‌‌‌മോദിയുടെ അസാന്നിധ്യവും സഭയിൽ വിമർശിക്കപ്പെട്ടു.

ശബ്ദരേഖയുമായാണ് കോൺഗ്രസ് എത്തിയതെങ്കിലും അത് കേൾപ്പിക്കാൻ സ്പീക്കർ തയ്യാറായില്ല. ഇടപാടുമായി ബന്ധപ്പെട്ടുള്ള ഫയലുകൾ മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറിന്‍റെ കിടപ്പുമുറിയുലുണ്ടെന്ന ഗോവന്‍ മന്ത്രി വിശ്വജിത്ത് റാണെ പറയുന്ന ശബ്‍ദ സന്ദേശമാണ് രാഹുല്‍ സഭയില്‍ കേള്‍പ്പിക്കാന്‍ ശ്രമിച്ചത്. രാഹുലിൻറെ അവകാശവാദത്തെ തുടർന്ന് സഭയിൽ ഏറെ നേരം ബഹളമുണ്ടായി.ആവശ്യത്തെ അരുൺ ജയ്റ്റ്‍ലിയും എതിർത്തു. ബഹളത്തെ തുടർന്ന് മുത്തലാഖ് ബിൽ സഭയിൽ ഇന്നലെയും ചർച്ചക്കെടുത്തില്ല.

ചര്‍ച്ചക്ക് സമാധാനപരമായ അന്തരീക്ഷം ഒരുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും അണ്ണാ ഡിഎംകെ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എഐഡിഎെകെ പ്രവർത്തകർ പ്രധാനമന്ത്രിയെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.

സഭയിൽ എത്താതിരുന്ന മോദിക്കെതിരെയും രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിച്ചത്. മോദി മുറിയിൽ ഒളിച്ചിരിക്കുകയാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

രാഹുലിന്‍റെ ആരോപണങ്ങളെ മുഖ്യമായും പ്രതിരോധിച്ചത് അരുൺ ജയ്‍റ്റ്‍ലി ആണ്. ഗോവമന്ത്രിയുടേതെന്ന‌ പേരിലുള്ള സംഭാഷണം കോൺഗ്രസ് നിർമിതമാണെന്നും പാർട്ടിക്ക് പണം നല്‍കാത്തത് കൊണ്ടാണ് ആന്റണി റഫാൽ കരാർ ഉപേക്ഷിച്ചതെന്നും ജയ്‍റ്റ്‍ലി ആരോപിച്ചു.

MORE IN INDIA
SHOW MORE