റഫാലിൽ യുദ്ധം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും

Parliament
SHARE

പാര്‍ലമെന്‍റില്‍ റഫാല്‍ യുദ്ധം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ബഹളത്തില്‍ മുങ്ങി ലോക്സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു. അതിനിടെ, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്തി ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ എം.പിമാര്‍  നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി.  

ഭരണ പ്രതിപക്ഷ ഏറ്റുമുട്ടല്‍ കടുക്കുകയാണ്. റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ അവകാശലംഘത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപിയും അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.  ജെപിസി അന്വേഷണം പ്രഖ്യാപിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ലോക്സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും രാജ്യസഭയില്‍ ഗുലാംനബി ആസാദും റഫാല്‍ ഉന്നയിച്ചു. പ്രധാനമന്ത്രി എന്തുസഭയില്‍ മറുപടി നല്‍കാന്‍പോലും തയ്യാറാകുന്നില്ലെന്ന് ഖാര്‍ഗെയുടെ ചോദ്യം. റഫാല്‍ അടക്കം എന്തുവിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും സര്‍ക്കാര്‍ ഇരുസഭകളിലും അറിയിച്ചു. ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയെന്നത് തന്‍റെ അധികാര പരിധിയിലല്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. അംഗങ്ങള്‍ നിലവാരം കാത്തുസൂക്ഷിക്കണമെന്നും സ്പീക്കര്‍.

സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി എം.പിമാര്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ചു. എന്നാല്‍ ബിജെപി എം.പിമാര്‍ ക്ഷമ കാണിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ മറുപടി. 

MORE IN INDIA
SHOW MORE