ഗുജറാത്തിലെ കോടതിയിൽ പുലി; ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി: നാടകീയം

gujarath-leopard
SHARE

ഗുജറാത്തിലെ കോടതിയിൽ അപ്രതീക്ഷിതമായി പുലി കയറിയതോടെ ജഡ്ജിയും അഭിഭാഷകരും ജീവനും കൊണ്ടോടി. തുടർന്ന് കോടതി നടപടികൾ നിർത്തി വയ്ക്കുകയായിരുന്നു. പുലി പരിഭ്രമിച്ച് നിന്ന തക്കം നോക്കി കോടതി മുറി അടച്ച് പുലിയെ അകത്ത് പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിച്ചു. രാത്രിയോടെ പുലിയെ കോടതിയില്‍ നിന്നും പിടികൂടി.

സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറിയത്. നഗരപ്രദേശത്തുളള കോടതിയിൽ പുലികയറിയത് ഏവരിലും പരിഭ്രാന്തി പരത്തി. ഇന്ന് ഉച്ചയോടെ കോടതി മുറിക്കുളളില്‍ ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി അകത്ത് കടന്നത്. ഉടന്‍ തന്നെ എല്ലാവരും പുറത്തേക്ക് ഓടി. പുലിയെ അകത്തിട്ടു പൂട്ടാൻ സാധിച്ചതാണ് അപകടം ഒഴിവാക്കിയത്. 

കുന്നുകള്‍ ഏറെയുളള ചോട്ടിലയില്‍ കുന്നിന് ചുറ്റും കാടുകളാണ്. ഈ കാടുകളിൽ നിന്നാകും പുലി നഗരത്തിലെത്തിയതെന്നാണ് നിഗമനം. കഴിഞ്ഞ മാസം ഗുജറാത്ത് സെക്രട്ടറിയേറ്റ് പരിസരത്തും പുലി കടന്നുകൂടിയിരുന്നു. നവംബര്‍ 5നാണ് സിസിടിവിയില്‍ പുലി സെക്രട്ടറിയേറ്റ് പരിസരത്ത് വിഹരിക്കുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് മണിക്കൂറുകളോളം സെക്രട്ടറിയേറ്റ് അടച്ചിട്ട് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. 

MORE IN INDIA
SHOW MORE