2018ലെ വ്യാജവാർത്തകളിൽ മോദി–രാഹുല്‍; കൂടുതൽ തിരഞ്ഞ പേരുകളിൽ പ്രിയ വാര്യരും

modi-rahul-priya
SHARE

രാഷ്ട്രീയത്തിലും സിനിമയിലും കലാ സാംസ്കാരിക മേഖലകളിലുമെല്ലാം വലിയ ചലനങ്ങള്‍ സൃഷ്ടിച്ച വാർത്തകളും സംഭവങ്ങളും സൃഷ്ടിച്ചും ചിലതൊക്കെ വരും വര്‍ഷത്തേക്ക് തുടരാൻ ബാക്കി വെച്ചുമാണ് 2018 കടന്നുപോകുന്നത്. വാര്‍ത്തകളിൽ വാണവരും വീണവരും ഏറെ. ഒറ്റ രാത്രി കൊണ്ട് ചിലർ പ്രശസ്തരായി, ഒറ്റ രാത്രി കൊണ്ട് പലരുടെയും പൊയ്മുഖങ്ങൾ അഴിഞ്ഞുവീണു. 

2018 ൽ ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ വ്യക്തികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യാഹൂ. ഒന്നാം സ്ഥാനത്തുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കാണ് രണ്ടാം സ്ഥാനം. മുത്തലാഖ്, സ്വവര്‍ഗരതി നിയമപരമാക്കൽ, ശബരിമല യുവതീപ്രവേശം തുടങ്ങിയ സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയാണ് മൂന്നാം സ്ഥാനത്തുളളത്. 

വിവാദ വ്യവസായികളായ വിജയ് മല്യ, നീരവ് മോദി എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്. മീടു ആരോപണത്തെ തുടര്‍ന്ന് രാജി വെച്ച കേന്ദ്രമന്ത്രി എം.ജെ.അക്ബറാണ് ആറാ സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രായം കുറഞ്ഞയാൾ സൈഫ്–കരീന ദമ്പതികളുടെ മകൻ തൈമൂര്‍ അലി ഖാനാണ്. 

thymur-sonali

ഏറ്റവും കൂടുതലാളുകൾ ഗൂഗിളിൽ തിരഞ്ഞ വനിതാ സെലിബ്രിറ്റി ശ്രീദേവിയാണ്. ക്യാൻസറിനെ പുഞ്ചിരിയോടെ തോൽപിക്കുന്ന സൊണാലി ബിന്ദ്രയും ബോളിവുഡ് നടി സണ്ണി ലിയോണും ഏറ്റവും കൂടുതൽ തിരയപ്പെട്ട സെലിബ്രിറ്റികളുടെ കൂട്ടത്തിൽ മുൻപന്തിയിലുണ്ട്. പ്രിയ പ്രകാശ് വാര്യറും ഏറ്റവും കൂടുതൽ തിരയപ്പെട്ട വനിതാ സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടം നേടി. 

പട്ടികയിലെ ദമ്പതികളായി എത്തിയത് ദീപിക-രണ്‍വീര്‍ ജോഡിയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തിരയപ്പെട്ട കീവേർഡ് കർണാടക തിരഞ്ഞെടുപ്പാണ്. ധനകാര്യവുമായി ബന്ധപ്പെട്ട് കൂടുതലാളുകൾ തിരഞ്ഞത് ഊർജിത് പട്ടേലിന്‍റെ പേരും. 

2018ലെ മൂന്ന് വലിയ വ്യാജ വാര്‍ത്തകളും ഇതോടൊപ്പം യാഹു പുറത്തുവിട്ടിട്ടുണ്ട്. വ്യാജവാര്‍ത്തകൾക്ക് ഇരകളാക്കപ്പെട്ടവരിൽ മുന്നിലെത്തിയതും മോദിയും രാഹുലും തന്നെ. മജ്​​ലിസെ ഇത്തിഹാദുൽ മുസ്​ലിമീൻ നേതാവ് അക്ബറുദ്ദീൻ ഒവൈസിയുടെ കാല് തൊട്ട് വന്ദിക്കുന്നതായി പ്രചരിച്ച വാർത്തയാണ് വ്യാജൻമാരിൽ ഒന്നാമതെത്തിയത്. മോദി ശരിക്കും ഒവൈസിയുടെ കാല് തൊട്ട് വന്ദിച്ചോ? എന്ന കീവേഡാണ് വാർത്തയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളില്‍ തിരഞ്ഞത്. യഥാർത്ഥത്തിൽ മോദി അക്ബറുദ്ദീന്‍ ഒവൈസിയുടെ കാല് തൊടുന്നതായി എഡിറ്റ് ചെയ്ത ഫോട്ടോ ആയിരുന്നു അത്.

modi

പട്ടികയിൽ രണ്ടാമതെത്തിയ വ്യാജ വാര്‍ത്തയും മോദിയെ കുറിച്ച് തന്നെ. മോദിയുടെ മേക്കപ്പിന് പ്രതിമാസം 15 ലക്ഷം രൂപയാകും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മാഡം തുസാഡ്സ് മ്യൂസിയത്തിൽ മോദിയുടെ പ്രതിമ വെക്കാനായി അദ്ദേഹത്തിന്റെ അളവ് എടുക്കുന്ന ചിത്രത്തിനൊപ്പം ആയിരുന്നു ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്.

മൂന്നാമത്തെ വ്യാജ വാര്‍ത്തയിലെ ഇര രാഹുല്‍ ഗാന്ധിയായിരുന്നു. ഒരു സ്ത്രീയുടെ കൈ പിടിച്ച് രാഹുല്‍ വേദിയില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രചരിക്കപ്പെട്ടത്. രാഹുല്‍ ഗാന്ധി സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നെന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. യഥാർത്ഥത്തിൽ രാഹുല്‍ നയിച്ച ജൻ ആന്ദോളൻ റാലിയില്‍ പങ്കെടുത്ത ദലിത് യുവതിയായിരുന്നു അത്. മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ രാഹുല്‍ സ്ത്രീയുടെ കൈയില്‍ പിടിച്ച ചിത്രമായിരുന്നു അത്. 

rally
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.