ശുദ്ധജലത്തിനായി നിർമിച്ച കുഴൽക്കിണറിൽ തിളയ്ക്കുന്ന വെളളം; അമ്പരപ്പ്

mby-hot-water
SHARE

ശുദ്ധജലത്തിനായി നിർമിച്ച കുഴൽക്കിണറിൽ നിന്നു തിളയ്ക്കുന്ന വെളളം പ്രവഹിച്ചുകൊണ്ടിരിക്കുന്നത് നാട്ടുകാരിൽ അതിശയവും ആശങ്കയും പരത്തുന്നു. വെള്ളം കുടിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. വാഡ താലൂക്കിലെ ബലോഷിവാഡയിൽ കർഷകനായ രാധു ചോർബെ രണ്ടാഴ്ച മുൻപ് കുഴിച്ച കുഴൽക്കിണറിൽ നിന്നാണ് തൊട്ടാൽ പൊള്ളുന്ന വെള്ളം കുതിച്ചൊഴുകുന്നത്. ഇതിന് 70 ഡിഗ്രി സെൽഷ്യസ് ചൂടുള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കുഴൽക്കിണറിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പ് ചൂടായതുകൊണ്ടുള്ള പ്രതിഭാസമാണെന്നാണ് ആദ്യം കരുതിയത്‌. 

2000ൽ പരം ലീറ്റർ വെള്ളം പമ്പ്‌ ചെയ്തുകഴിഞ്ഞിട്ടും ചൂടുവെള്ളം മാത്രമാണ് ലഭിക്കുന്നത്. തൊട്ടടുത്ത പുരയിടങ്ങളിൽ 18 കുഴൽക്കിണറുകൾ ഉണ്ട്. ഇവയിലെല്ലാം ലഭിക്കുന്നത് സാധാരണ വെള്ളം. പതിവായി ചൂടുവെള്ളം മാത്രം ലഭിക്കുന്നതിനെ തുടർന്ന് കർഷകൻ പ്രാദേശിക തഹസിൽദാർ ദിനേശ് കുർഹ്ടെയെ അറിയിച്ചിരുന്നു. തുടർന്ന് ജിയോളജിസ്റ്റ് പ്രമോദ് പോൾ സ്ഥലത്തെത്തി പരിശോധന നടത്തി. അമിത തോതിൽ ഗന്ധകാംശം അടങ്ങിയ ജലമാണിതെന്നാണ് പോളിന്റെ പ്രാഥമിക നിഗമനം. വെള്ളത്തിന്റെ സാംപിൾ വഡാലയിലെ ലാബിൽ അയച്ചു. 

ഗന്ധകാംശമുള്ളതിനാൽ വെള്ളം കുടിക്കരുതെന്ന് ഗ്രാമീണർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. ചൂടുനീരുറവകൾ പാൽഘർ ജില്ലയിൽ വേറെയുമുണ്ട്. വസായ്ക്ക് സമീപം വജ്രേശ്വരി, ഗണേഷ്പുരി,സാത്തിവ്‌ലി അക്കുലോലി, നിംബാവലി എന്നിവിടങ്ങളിൽ എല്ലാ കാലാവസ്ഥയിലും ചൂടുവെള്ളം മാത്രം ലഭിക്കുന്ന ചെറിയ കുഴികൾ നിരവധിയാണ്. ത്വക്ക് രോഗങ്ങൾക്ക് ഈ ജലം ഗുണകരമെന്ന വിശ്വാസത്തെ തുടർന്നു ദൂരദിക്കുകളിൽ നിന്നു, പ്രത്യേകിച്ച് തണുപ്പുകാലത്ത് ധാരാളം സന്ദർശകർ ചൂടുനീരുറവകൾ തേടി എത്താറുണ്ടെന്ന് ജിയോളജിസ്റ്റ് പോൾ പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.