ഗജ ചുഴലിക്കാറ്റിൽ തമിഴ്നാട്ടില്‍ 28 മരണം; വേളാങ്കണ്ണിയിൽ യേശുക്രിസ്തുവിന്‍റെ പ്രതിമ തകര്‍ന്നു

gaja-tamil-nadu-velakkanni
SHARE

ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടില്‍ മരണം ഇരുപത്തിയെട്ടായി. എന്നാല്‍ പതിനൊന്നുപേരുടെ വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. വേളാങ്കണ്ണി പള്ളി വളപ്പില്‍ സ്ഥാപിച്ച യേശുക്രിസ്തുവിന്‍റെ  പ്രതിമയും തകര്‍ന്നു. 

പുലര്‍ച്ചെ പന്ത്രണ്ട് മുപ്പതിനാണ് നാഗപട്ടണം വേദാരണ്യ മേഖലയിലൂടെ ഗജ തീരം തൊട്ടത്. നാഗപട്ടണം കൂടാതെ തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ ,കാരക്കല്‍ തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ നാശം വിതച്ച കാറ്റ് കരയിലെത്തി ഒമ്പത് മണിക്കൂറിന് ശേഷമാണ് ശക്തി കുറഞ്ഞത്. ഡിണ്ടുഗല്‍, മധുര, സേലം ജില്ലകളിലൂടെ കാറ്റ് കടന്നുപോകും. ഈ പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരും ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് വീടുകളാണ് തകര്‍ന്നത്. മരം കടപുഴകി വീണ് വേളാങ്കണ്ണി പള്ളിയുടെ ചുവരുകള്‍ക്ക് കേടുപാടുകള്‍ പറ്റി. പള്ളി വളപ്പില്‍ സ്ഥാപിച്ച യേശുവിന്‍റെ പ്രതിമയും തകര്‍ന്നു.

മരങ്ങള്‍ വ്യാപകമായി കടപുഴകിയതിനാല്‍ റോഡ്–റെയില്‍ ഗതാഗതം തടസപ്പെട്ടു. എണ്‍പതിനായിരത്തിലധികം പേരെ വിവിധ ക്യാപുകളിലേക്ക് മാറ്റിയിരുന്നു. പുതുച്ചേരിയില്‍ തിരമാലകള്‍ എട്ട് മീറ്റര്‍ ഉയരത്തില്‍ വരെ എത്തി. തഞ്ചാവൂര്‍ ജില്ലയില്‍ മാത്രം ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ഇരുപത്തിരണ്ട് ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

MORE IN INDIA
SHOW MORE