ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ സിപിഎമ്മും; വിമര്‍ശനം രജനിക്കും

yechuri-stalin
SHARE

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ ‍ഡിഎംകെയുമായി കൈകോർക്കാനുറച്ച് സിപിഎമ്മും. ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ കൂടുതൽ വിപുലീകരിച്ചു കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനുമായി ചെന്നൈയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. അൽവാർപേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച. രാജ്യത്തിൻറെ കെട്ടുറപ്പും ഐക്യവും സംരക്ഷിക്കാൻ പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കുകയാണെന്നും ഇതിനായി തമിഴ്നാട്ടിൽ ഡിഎംകെയോടൊപ്പം സഹകരിക്കുമെന്നും സമ്മേളനശേഷം യച്ചൂരി അറിയിച്ചു. 

ബിജെപി ചായ്‌വ് പരോക്ഷമായി പ്രകടിപ്പിച്ച നടൻ രജനീകാന്തിനുമുണ്ടായിരുന്നു വിമർശനം. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാൾ ശക്തനാണ് മോദിയെന്ന രജനീകാന്തിന്‍റെ പ്രസ്താവനയെ യച്ചൂരി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്ന് യെച്ചൂരി ഓർമിപ്പിച്ചു. 

12 വർഷങ്ങൾക്കുശേഷമാണ് ഡി.എം.കെ.യുമായി സി.പി.എം. കൈകോർക്കുന്നത്. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിനൊപ്പം സിപിമ്മും ഉണ്ടായിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. ക്ക് ഒപ്പമായിരുന്നു സിപിഎം. 

ബിജെപി വിരുദ്ധസഖ്യം രൂപീകരിക്കുന്നതിൻറെ ഭാഗമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും സ്റ്റാലിനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൻറെ പിന്നാലെയാണ് യച്ചൂരി-സ്റ്റാലിൻ കൂടിക്കാഴ്ച. 

MORE IN INDIA
SHOW MORE