നിങ്ങൾ കൊന്നത് സ്വപ്നങ്ങളെ; മകനെ കൊന്ന തീവ്രവാദികൾക്ക് കത്ത്; കണ്ണീർ

mir-imtiaz
SHARE

ജമ്മു കശ്മീരിൽ‌ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ ഇംതിയാസ് അഹമ്മദ് മിറിന്‍റെ കുടുംബാംഗങ്ങൾ തീവ്രവാദികളെ അഭിസംബോധന ചെയ്തെഴുതിയ കണ്ണീർകുറിപ്പ് പുറത്ത്. 'സബ് ഇൻസ്പെക്ടർ മിർ ഇംതിയാസിന്‍റെ കൊലപാതകികൾക്ക് ഒരു കത്ത്' എന്ന പേരിൽ ഫെയ്സ്ബുക്കിലാണ് കുറിപ്പ്. ഇംതിയാസിന്‍റെ ഫെയ്‍സ്ബുക്ക് അക്കൗണ്ടില്‍ നിന്നു തന്നെയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

''നിങ്ങൾക്കറിയാമോ, ഇംതിയാസിനെ കൊന്നപ്പോൾ നിങ്ങള്‍ ഇല്ലാതാക്കിയത് വൃദ്ധയായ ഒരമ്മയുടെ സ്നേഹമുള്ള മകനെയാണ്, ഒരച്ഛന്‍റെ അനുസരണയുള്ള മകനെയാണ്, വാർദ്ധക്യകാലത്തെ അവരുടെ പ്രതീക്ഷകളെയാണ്. നിങ്ങൾ കൊലപ്പെടുത്തിയത് സഹോദരൻറെയും സഹോരൻറെയും ഏക ആശ്രമായിരുന്ന ചേട്ടനെയാണ്. നിങ്ങൾ കൊന്നത് അവന്‍ വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയുടെ സ്വപ്നങ്ങളെയാണ്.  നിങ്ങൾ കൊന്നത് ദൈവഭയമുള്ള ഒരുവനെയാണ്. നിങ്ങൾ കൊന്നത് സമയം തെറ്റാതെ നിസ്കരിച്ചിരുന്ന ഒരാളെയാണ്. നിങ്ങൾ കൊന്നത് റമദാന്‍ മാസത്തിൽ നോമ്പു  മുടക്കാത്ത വിശ്വാസിയെ ആണ്. 

ഏറ്റവും പ്രധാനമായി, നിങ്ങൾ കൊന്നത് മറ്റെന്തിനേക്കളുമുപരി കശ്മീരിനെയും അവിടുത്തെ ജനങ്ങളെയും സ്നേഹിച്ച ഒരാളെയാണ്, കശ്മീരിൻറെ സന്തോഷം കാണാനാഗ്രഹിച്ച ഒരുവനെയാണ്. പ്രായമായ അച്ഛനെയും അമ്മയെയും രോഗിയായ സഹോദരിയെയും കാണാൻ വരാനിരുന്നവനെയാണ് നിങ്ങൾ കൊന്നത്. 

അവനെ കൊന്ന നിങ്ങൾ എന്തുകൊണ്ടാണ് ഞങ്ങളെ കൊല്ലാത്തത്? അച്ഛനെയും അമ്മയെയും അവൻറെ കൂടെ ജീവിതം പങ്കിടാനിരുന്ന പെൺകുട്ടിയെയും കൊല്ലാതിരുന്നത് എന്തുകൊണ്ടാണ്. വന്ന് ഞങ്ങളെയും കൊല്ലൂ.. അവനില്ലാത്ത ഈ ലോകത്ത് ഞങ്ങൾക്ക് ജീവിക്കണ്ട''. 

ജമ്മു-കശ്‌മീര്‍ പോലീസില്‍ സബ്‌ ഇന്‍സ്‌പെക്‌ടറായിരുന്നു കൊല്ലപ്പെട്ട ഇംതിയാസ് മിർ‌. ഭീകരര്‍ തന്നെ ലക്ഷ്യമിടുന്നതായി അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇംതിയാസിന്റെ ജീവനു ഭീഷണിയുണ്ടെന്നു ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. വേഷം മാറി മാതാപിതാക്കളെ കാണാന്‍ വാഹിബഗിലെ വസതിയിലേക്ക്‌ പുറപ്പെട്ട അദ്ദേഹത്തെത്തേടി അല്‍പസമയത്തിനുള്ളില്‍ മരണമെത്തി. 

താടിയും മീശയും വടിച്ച് വേഷം മാറി സ്വകാര്യവാഹനത്തിലായിരുന്നു യാത്ര. തന്നെ ഭീകരര്‍ തിരിച്ചറിയില്ലെന്നു പറഞ്ഞാണ് അദ്ദേഹം ക്യാമ്പ്‌ വിട്ടതെന്ന്‌ സഹപ്രവര്‍ത്തകര്‍ പറയുന്നു.

 റുഷ്‌മി നള്ളയില്‍ വെച്ചാണ് ഭീകരര്‍ കാര്‍ തടഞ്ഞത്. ക്രൂരമായി മര്‍ദിച്ചശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.