മീ ടു ആരംഭിച്ചത് ലൈംഗിക വൈകൃതമുള്ളവർ; വിവാദം തുറന്ന് കേന്ദ്രമന്ത്രി

pon-radhakrishnan-metoo
SHARE

സിനിമാ രാഷ്ട്രീയ മേഖലകളെ പിടിച്ചുലച്ച് മീടൂ ക്യാംപെയ്ൻ പുരോഗമിക്കുമ്പോൾ കേന്ദ്രമന്ത്രിയുടെ പ്രതികരണം വിവാദമാകുന്നു.  ക്യംപെയിൻ ആരംഭിച്ചത് ലൈംഗികവൈകൃതം മനസ്സിൽ കൊണ്ടുനടക്കുന്ന ചിലരാണെന്നു കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. പീഡനം നടന്നു വർഷങ്ങൾക്കുശേഷം കുറ്റപ്പെടുത്തലുമായി രംഗത്തെത്തുന്നത് അദ്ഭുതകരമായ കാര്യമാണെന്നും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവു കൂടിയായ കേന്ദ്രമന്ത്രി പറഞ്ഞു. മീ ടൂ വിവാദത്തിൽപ്പെട്ട് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ രാജിവച്ച സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ഒരു സംഭവത്തെപ്പറ്റി ഇപ്പോൾ ആരോപണം ഉന്നയിച്ചാൽ അതെങ്ങനെ ശരിയാകും? ലൈംഗികവൈകൃതം കൊണ്ടുനടക്കുന്ന മനസ്സുള്ളവരാണ് ഈ ക്യാംപെയ്നു പിന്നിൽ. ഇന്ത്യയുടെയും ഇവിടത്തെ വനിതകളുടെയും പ്രതിച്ഛായ നശിപ്പിക്കുന്നതായി ഈ വിവാദം. വനിതകൾക്കു സമാനമായി പുരുഷന്മാരും ഇതുപോലെ പരാതിയുമായി രംഗത്തു വന്നാൽ എങ്ങനെയുണ്ടാകും? അതും അംഗീകരിക്കാനാകുമോ?’– രാധാകൃഷ്ണൻ ചോദിച്ചു.  ലൈംഗിക പീഡനാരോപണം അന്വേഷിക്കുന്നതിന് എല്ലാ പാർട്ടികളും ആഭ്യന്തര പരാതി പരിഹാര സമിതികൾക്കു രൂപം നൽകണമെന്നു വനിതാ–ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടതിനിടെയാണു രാധാകൃഷ്ണന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് 6 ദേശീയ പാർട്ടികൾക്കും 59 പ്രാദേശിക പാർട്ടികൾക്കും മേനക കത്തെഴുതി.

സമിതി രൂപീകരിച്ച കാര്യം പാർട്ടികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരികരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലിടത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഏതൊരു ചെറിയ പ്രശ്നം പോലും നേരിടാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നു മേനക പറഞ്ഞു. നേരത്തേ പരാതി പരിഹാര സമിതി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ബോളിവുഡിലെ പ്രൊഡക്‌ഷൻ കമ്പനികൾക്കും മന്ത്രി കത്തയച്ചിരുന്നു. 7 കമ്പനികൾ സമിതി രൂപീകരിച്ചു. തൊഴിലിടത്തിൽ മാത്രമല്ല, സമൂഹത്തിൽ എല്ലായിടത്തും വനിതകളെ തുല്യരായി കാണണമെന്നതാണു കേന്ദ്രത്തിന്റെ നയമെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. അക്ബറിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. 

MORE IN INDIA
SHOW MORE