മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകർത്തു; പ്രതിഷേധം

sandeep-granite-slab
SHARE

രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില തകര്‍ത്തു. ബെംഗളൂരുവിൽ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് അ‍ജ്ഞാത സംഘം അടിച്ചു തകർത്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തകർന്നുകിടക്കുന്ന ഗ്രാനൈറ്റ് ശിലയുടെ ദൃശ്യങ്ങൾ സോഷ്യൽ ലോകത്ത് പ്രചരിച്ചതോടെ വൻപ്രതിഷേധമാണ് രാജ്യം മുഴുവൻ ഉയരുന്നത്.

സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി.ജെ.പിയും അടക്കമുള്ള  രാഷ്ട്രീയ പാര്‍ട്ടികളും സൈനികരും രംഗത്ത് വന്നിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൈനികര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഉറപ്പ് നൽകി. ബൃഹത് ബംഗളുരു മഹാനഗര്‍ പാലിക അധികൃതരോട് ആവശ്യപ്പെട്ടു. 

മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ കമാന്‍ഡോ സംഘത്തിനൊപ്പം നടത്തിയ ഓപ്പറേഷനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണന് വെടിയേറ്റത്. സഹസൈനികരെ കൂടി തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ നിന്ന് രക്ഷിച്ച സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങി.  

MORE IN INDIA
SHOW MORE