ശുചിമുറികള്‍ നിര്‍മ്മിച്ചാല്‍ ശുചിത്വ ഭാരതമാകില്ല; ശുചിത്വം ശീലമാക്കണം: മോദി

narendra-modi-1
SHARE

ശുചിമുറികള്‍ നിര്‍മ്മിച്ചതു കൊണ്ടുമാത്രം ശുചിത്വ ഭാരതമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വം ശീലമാക്കണം. കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ പരിപാടിയായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വച്ഛ ഭാരത് പദ്ധതി 90 ശതമാനവും ലക്ഷ്യം കണ്ടതായി നരേന്ദ്ര മോദി അവകാശപ്പെട്ടു.

സ്വച്ഛതാ ഹി സേവ. ശുചിത്വം തന്നെയാണ് സേവനം. രാഷ്ട്രപതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടിട്ടുള്ളത്. മോദി സര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്‍റെ നാലാം വാര്‍ഷികം കൂടി ഇതിന്‍റെ ഭാഗമാണ്. ജനങ്ങളുടെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സാധിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സ്ത്രീകള്‍ വലിയ തോതില്‍ പദ്ധതിയുടെ ഭാഗമായി. നാലു വര്‍ഷം കൊണ്ട് ഒന്‍പത് കോടി ശുചി മുറികള്‍ പണിതു. നാലര ലക്ഷം ഗ്രാമങ്ങളെ വെളിയിട വിസര്‍ജന വിമുക്തമാക്കാന്‍ കഴിഞ്ഞു. ശുചിത്വമുള്ള ഇന്ത്യയെന്ന ബാപ്പുവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ജനകീയ മുന്നേറ്റമാണ്.

അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ, മാതാ അമൃതാനന്ദമയി തുടങ്ങിയ പ്രമുഖരുമായി മോദി ആശയവിനിമയം നടത്തി. കേന്ദ്രമന്ത്രിമാര്‍ക്കും ബിജെപി നേതാക്കള്‍ക്കുമൊപ്പം വിവിധമേഖലകളിലുള്ള പ്രമുഖരും സ്വച്ഛതാ ഹി സേവയുടെ ഭാഗമാകും. ഒക്ടോബര്‍ രണ്ടുവരെ ശുചീകരണ പരിപാടി നീണ്ടുനില്‍ക്കും. 

MORE IN BREAKING NEWS
SHOW MORE