രാജവെമ്പാലയെ കൊണ്ട് കടിപ്പിച്ചു; വിഷമേല്‍ക്കാതെ രാജസ്ഥാന്‍കാര്‍, അമ്പരപ്പ്

king-cobra-new
SHARE

ഉഗ്രവിഷമുള്ള പാമ്പാണ് രാജവെമ്പാല. ഒരൊറ്റ കടിയില്‍ 20 മനുഷ്യരെയോ ഒരു ആനയെയോ കൊല്ലാനുള്ള വിഷമുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ രാജസ്ഥാനിൽ നിന്നുള്ള ഈ വാർത്ത കേട്ടുനോക്കൂ.

രാജസ്ഥാനിൽ രണ്ടുപേരെ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ചു. അവര്‍ മരിച്ചില്ല, പകരം ആനന്ദത്തിലാണ്. കടിയേറ്റാൽ സെക്കൻഡുകൾക്കുള്ളിൽ മരണം സംഭവിക്കേണ്ടതാണ്. 

നാക്കിലാണ് രാജസ്ഥാൻകാരായ രണ്ടു പേർ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ചത്. ലഹരിക്കായാണ് ഇവർ പാമ്പിനെക്കൊണ്ടു കടിപ്പിച്ചത്. പതിവുലഹരിയേക്കാൾ ആനന്ദവും ഉറക്കവും പാമ്പിൻവിഷത്തിൽനിന്നു കിട്ടിയെന്നാണ് ഇവർ പറയുന്നത്. രാജവെമ്പാലയുടെ കടി അതിജീവിച്ച ഇരുവരെയും വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണു ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച്.

കഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ലഹരിവിമുക്ത കേന്ദ്രത്തിലെ ഡോക്ടർമാർ. രണ്ടുപേരുടെയും കേസിനെക്കുറിച്ച് ‘ഇന്ത്യൻ ജേർണൽ ഓഫ് സൈക്കോളജിക്കൽ മെഡിസിനും’ ലേഖനം പ്രസിദ്ധീകരിച്ചു. ലഹരിമരുന്നുകൾക്കു പകരം പാമ്പിൻ വിഷം ഉപയോഗിക്കാമോ എന്നതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയാണ് ലേഖനം പ്രസിദ്ധപ്പെടുത്തിയതെന്ന് ഡോക്ടർമാർ പറഞ്ഞു. 

നേരത്തേ, റാഞ്ചിയിലും മുംബൈയിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. കാലിലും കയ്യിലുമാണു പാമ്പിനെ കൊണ്ട് കടിപ്പിച്ചിരുന്നത്. പൊതുവെ ഇവരിൽ ലഹരി ഉപയോഗിക്കാതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ കണ്ടെത്തിയില്ല. 

വടക്കുപടിഞ്ഞാറൻ രാജസ്ഥാനിലെ ഗോത്രവംശക്കാർ ലഹരിക്കു പകരമായോ ലഹരിയിൽ കലർത്തിയോ പാമ്പിൻവിഷം ഉപയോഗിക്കുന്നതു സാധാരണമാണെന്നു റിപ്പോർട്ടിൽ പറയുന്നു. 1990 മുതലുള്ള സംഭവങ്ങളാണ് ഇവർ പഠനവിധേയമാക്കിയത്.

MORE IN INDIA
SHOW MORE