വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ചെന്നൈ നഗരം ഒരുങ്ങി

വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് ചെന്നൈ നഗരം ഒരുങ്ങി കഴിഞ്ഞു. പ്രകൃതി സൗഹൃദ ഗണേശ വിഗ്രഹങ്ങളാണ് ഇത്തവണ തമിഴ്നാട്ടിലെ ആഘോഷങ്ങളുടെ പ്രത്യേകത. നാളെയാണ് വിനായക ചതുര്‍ഥി.

ക്ഷേത്രങ്ങളുടെയും വിവിധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തില്‍ അയ്യായിരത്തിലധികം ഗണേശ വിഗ്രഹങ്ങളാണ് ചെന്നൈ നഗരത്തില്‍ മാത്രം അണിയിച്ചൊരുക്കുക. പ്രത്യേക പൂജകളും ഘോഷായാത്രകളുമായി  ആയിരങ്ങള്‍ വിനായക ചതുര്‍ഥി ആഘോഷിക്കും.  നാടെങ്ങും ഗണേശ ഗീതങ്ങള്‍ മുഴങ്ങും. 

ഇത്തവണ പ്ലാസ്റ്റര്‍ ഓഫ് പാരിസില്ല. പകരം പേപ്പറിലും കളിമണ്ണിലും തീര്‍ത്ത പ്രതിമകളാണ് ഏറെയും. മുള, പഴങ്ങള്‍, കുരുത്തോല എന്നിവയില്‍ തീര്‍ത്ത വിഗ്രഹങ്ങളുമുണ്ട്. കളിമണ്ണില്‍ ചെടികളുടെയും പച്ചക്കറികളുടെയും വിത്തുകള്‍ ചേര്‍ത്ത് നിര്‍മിച്ച വിഗ്രഹങ്ങള്‍ക്കായും ആവശ്യക്കാരെത്തുന്നുണ്ട്.. വാട്ടര്‍ കളര്‍ ഉപയോഗിച്ച് മാത്രമേ നിറം നല്‍കാവൂ.  നിമഞ്ജനം ചെയ്യുമ്പോഴുള്ള പരിസ്ഥിതി പ്രശ്നങ്ങള്‍ ഒഴിവാക്കുകയാണ് പ്രകൃതി സൗഹൃദ ആഘോഷങ്ങളുടെ ലക്ഷ്യം.

വിഗ്രഹം സ്ഥാപിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ നിമഞ്ജന ഘോഷായാത്ര നടത്തണം. പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ പൊലീസ് മുന്നോട്ട് വച്ചിട്ടുണ്ട്.