ട്രെയിന്‍ കമ്പാർട്ട്മെന്‍റ് ലേബർ റൂമായി, യുവതിക്ക് സുഖപ്രസവം; ഇത് രണ്ടാം തവണ!

train-baby
SHARE

കോഹ്‍ലാപ്പൂരിൽ നിന്നും വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് 23-കാരിയായ യെല്ലവാ മായുർ ഗേയ്ക്ക്‌വാദ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. ട്രെയിൻ യാത്രയ്ക്കിടെ ഇവർക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ തീവണ്ടിയിൽ തന്നെ ഇവർ ആൺകുഞ്ഞിനെ പ്രസവിച്ചു. കൃത്യം ഒരു വർഷം മുമ്പ് ഇവർ മൂത്ത ആൺകുട്ടിയെ പ്രസവിച്ചതും ട്രെയിനിൽ വച്ച് തന്നെയായിരുന്നു എന്നതാണ് കൗതുകം.

കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കോഹ്‍ലാപ്പൂരിലെ ഒരു വാടക വീട്ടിലാണ് യെല്ലവാ താമസിക്കുന്നത്.വീട്ടുജോലി ചെയ്താണ് ഇവർ ഭർത്താവിനെ സഹായിച്ചിരുന്നത്. റായ്ബാഗ് ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയുള്ള ഷാഹു പാര്‍ക്കിലെ വീട്ടില്‍ നിന്നും പതിവായി മൂന്ന് മണിക്കൂര്‍ ചെലവഴിച്ച് ട്രെയിനില്‍ പോയി വരും. ജോലി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ  വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഹരിപ്രിയ എക്‌സ്പ്രസില്‍ വെച്ചായിരുന്നു പ്രസവം. പ്രസവദിവസം അടുത്തിരുന്നതിനാല്‍ ഭര്‍ത്തൃസഹോദരിയും യാത്രയില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ 9 മണി ആയതോടെ റായ്ബാഗില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ചിഞ്ചാലിയില്‍ വെച്ച് യെല്ലവയ്ക്ക് പ്രസവവേദന തുടങ്ങി. ജനത്തിരക്കേറിയ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആണ് ഇവർ യാത്ര ചെയ്തിരുന്നത്. വേദന കടുത്തതോടെ ചിലര്‍ അവര്‍ക്ക് ഇരിക്കാന്‍ സീറ്റ് കൊടുത്തു. എന്നാല്‍ വേദന വീണ്ടും കടുത്തതോടെ പ്രസവിക്കാന്‍ സമയമായെന്ന് അവര്‍ മനസ്സിലാക്കി. ഇതിനിടയില്‍ റെയില്‍വേ ജീവനക്കാര്‍ റായ്ബാഗ് സ്‌റ്റേഷനിലെ 108 ആംബുലന്‍സ് വിളിച്ചു. 

എന്നാല്‍ ട്രെയിനില്‍ തന്നെ പ്രസവിക്കുമെന്നായതോടെ ജീവനക്കാർ പെട്ടെന്ന് തന്നെ കമ്പാര്‍ട്ട്‌മെന്റ് ഒഴിപ്പിച്ച് ബെഡ്ഷീറ്റുകൊണ്ട് ഒരു പ്രസവവാര്‍ഡ് തീര്‍ത്തു. തുടര്‍ന്ന് ഭര്‍ത്തൃസഹോദരിയുടെയും ട്രെയിനില്‍ തന്നെയുണ്ടായിരുന്നു മറ്റ് ചില യാത്രക്കാരികളുടെയും സഹായത്തില്‍  യെല്ലവ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. പിന്നീട് റായ്ബാഗില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം ആംബുലന്‍സ് സ്റ്റാഫ് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഒന്നര മണിക്കൂറാണ് റായ്ബാഗില്‍ ട്രെയിന്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ പിടിച്ചിട്ടത്. പിന്നീട് റായ്ബാഗ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

അതേസമയം ഒരു വര്‍ഷം മുമ്പ് തന്റെ മൂത്തമകനും യെല്ലവ ജന്മം നല്‍കിയത് ട്രെയിന്‍ യാത്രയ്ക്കിടയിലായിരുന്നു. മഹാരാഷ്ട്രയുടെ അതിര്‍ത്തിയായ ഹട്ടകനാഗലേ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഈ പ്രസവം.

MORE IN INDIA
SHOW MORE