തെലങ്കാനയിൽ നവംബറിൽ തിരഞ്ഞെടുപ്പ് ആലോചനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

കാലാവധി തീരും മുന്‍പ് നിയമസഭ പിരിച്ചുവിട്ട തെലങ്കാനയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അവലോകനം ചെയ്യാന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അടുത്താഴ്ച ഹൈദരാബാദിലെത്തും. നവംബറില്‍ മധ്യപ്രദേശ് ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം തെലങ്കാനയിലെ തിരഞ്ഞെടുപ്പും നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മിഷണര്‍ ഉമേഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം പതിനൊന്നിന് ഹൈദരാബാദിലെത്തും. 

തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ സംഘം അവലോകനം ചെയ്യും. 2002ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നിയമസഭ പിരിച്ചുവിട്ടാല്‍ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് പറയുന്നുണ്ട്. കാവല്‍ സര്‍ക്കാര്‍ ഭരണം അധികകാലം തുടരുന്നത് നല്ലതല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.  നിയമസഭ പിരിച്ചുവിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയിലെ 174 (1) അനുച്ഛേദം അനുശാസിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം കമ്മിഷന്‍ പരിഗണിക്കുന്നുണ്ട്. 

നവംബര്‍–ഡിസംബര്‍ മാസങ്ങളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കൊപ്പം തെലുങ്കാന നിയമസഭാ തിര‍ഞ്ഞെടുപ്പും നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി. റാവത്ത് പറഞ്ഞു. അതേസമയം, ഇക്കാര്യത്തില്‍ കമ്മിഷന്‍ തീരുമാനമെടുത്തെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ േശീയതലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു കാലാവധി തീരുംമുന്‍പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ടത്.