അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടും; ചരിത്രക്കുതിപ്പിനൊരുങ്ങി ഇന്ത്യ

adas
SHARE

റോഡപകടങ്ങളുടെ നിരക്കിൽ അമ്പരപ്പിക്കുന്ന വർധനയാണ് ഇന്ത്യയിലുളളത്. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്ത് നടക്കുന്ന 80 ശതമാനം അപകടങ്ങൾക്കു പിന്നിലും മാനുഷിക പിഴവുകളാണെന്നാണ് കണ്ടെത്തൽ.  റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡിൽ അപകടസാധ്യത കണ്ടാൽ സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിർമിത ബുദ്ധിയായ (എഐ) ആണ് വരുന്നത്.

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളിൽ 2021നകം നിലവിൽ വന്നേയ്ക്കും. തൊട്ടുപിന്നാലെ 2022 നകം ഇന്ത്യയിലും പരിഷ്കാരം നടപ്പാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ രാജ്യത്തെ നിരത്തുകള്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിനാവും സാക്ഷിയാവുക. ഒട്ടോണമസ് എമർജൻസി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആന്റി ലോക് ബ്രേക്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം. കൂട്ടയിടി ഒഴിവാക്കാനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. 

വാഹനങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിനായി നിരവധി നിബന്ധനകളാണ് സർക്കാർ നിർമ്മാതാക്കൾക്ക് മുന്നിൽ വച്ചിട്ടുളളത്. അടിസ്ഥാന മോഡലുകളിൽ ഉൾപ്പെടെ എയർ ബാഗ്, എബിഎസ് സുരക്ഷ സംവിധാനങ്ങൾ  നിർബന്ധമാക്കിയെങ്കിലും അപകടങ്ങൾ കുറയ്ക്കാനുള്ള മറ്റ് നീക്കങ്ങൾക്ക് തയാറാകുകയാണ് റോഡ് ഗതാഗത മന്ത്രാലയം. സെൻസറുകളുടെ സഹായത്തോടെ ഡ്രൈവിങ് നിയന്ത്രിക്കുക, അപകട സാധ്യത കണക്കിലെടുത്ത് ഓട്ടോമാറ്റികായി ബ്രേക്ക് പ്രവർത്തിക്കുക, തുടങ്ങിയ സംവിധാനങ്ങളാണ് സിസ്റ്റം ഉറപ്പ് നൽകുന്നത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.