രാഹുല്‍ രാജ്യത്തെ വലിയ കോമാളിയെന്ന് കെ.സി.ആര്‍; തിരിച്ചടിച്ച് കോണ്‍ഗ്രസ്

rahul-ksr
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കോമാളി എന്ന് വിളിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. രാജ്യത്തെ ഏറ്റവും വലിയ കോമാളി രാഹുൽ ഗാന്ധിയാണെന്നായിരുന്നു ചന്ദ്രശേഖര റാവുവിന്റെ അധിക്ഷേപം. തെലങ്കാന നിയമസഭ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ചന്ദ്രശേഖര റാവുവിന്റെ പരാമർശം. വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ് അതേ നാണയത്തില്‍ തിരിച്ചടിച്ചു.

'എല്ലാവർക്കും അറിയാം രാഹുൽ ഗാന്ധി ആരാണെന്ന്. അദ്ദേഹമാണ് രാജ്യത്തെ ഏറ്റവും വലിയ കോമാളി. പാർലമെന്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രിയെ രാഹുൽ ആലിംഗനം ചെയ്യുന്നതും കണ്ണിറുക്കി കാണിക്കുന്നതും രാജ്യം മുഴുവൻ കണ്ടു. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തെലങ്കാനയിൽ എത്രത്തോളം എത്തുന്നോ അത്രത്തോളം സീറ്റുകൾ നമ്മൾ കൂടുതൽ നേടും' കെ.സി.ആര്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡൽഹി കോൺഗ്രസിന്റെ രാജകുമാരനാണ് രാഹുലെന്നും ഒരിക്കലും തെലങ്കാനയിലെ ജനങ്ങൾ ഡൽഹിക്ക് അടിമകളാകരുതെന്നും തെലങ്കാനയുടെ തീരുമാനങ്ങൾ ഇവിടെ തന്നെ എടുക്കണമെന്നും റാവു പറഞ്ഞു. തെലങ്കാനയിലെ എല്ലാ സീറ്റിലേക്കും തങ്ങള്‍ തനിച്ച് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരു കോമാളിക്ക് മാത്രമേ ഇങ്ങനെ പറയാനാകൂവെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. തെലങ്കാന അഴിമതിയപടെ തലസ്ഥാനമാണെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ തുറന്നടിച്ചിരുന്നു. മോദിയുമായി ചന്ദ്രശേഖരറാവുവിനെ താരതമ്യപ്പെടുത്തുകയും ചെയ്തു രാഹുല്‍.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലങ്കാന നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഇന്ന് രാവിലെയാമണ് പുറത്തുവന്നത്. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭ പിരിച്ചുവിടാനുള്ള തീരുമാനം ഐകകണ്‌ഠ്യേനെയാണ് പാസാക്കിയത്.കാലാവധി കഴിയാന്‍ ഒന്‍പത് മാസം ശേഷിക്കെയാണ് നിയമസഭ പിരിച്ചുവിട്ടത്.

ഇരുപത്തിരണ്ട് മിനുട്ട് നീണ്ട് നിന്ന് മന്ത്രിസഭാ സമ്മേളനത്തിനൊടുവിലാണ് നിയമസഭ പിരിച്ചു വിട്ടുകൊണ്ടുള്ള പ്രമേയം ഐകകണ്ഠേന  തെലങ്കാന മന്ത്രിസഭ പാസാക്കിയത്. കഴിഞ്ഞ ഞായറാഴ്ച നടന്ന മന്ത്രിസഭായോഗത്തില്‍ നിയമസഭ പിരിച്ചുവിടുമെന്ന്   കരുതിയരുന്നെങ്കിലും ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടായിരുന്നില്ല.  അതിനിടെ105 സീറ്റിലേക്കുമുള്ള സ്ഥാനാര്‍ഥികളെയും ടിആര്‍എസ് പ്രഖ്യാപിച്ചു. രണ്ട് മന്ത്രിമാര്‍ ഒഴികെ നിലവിലെ മുഴുവന്‍ എംഎല്‍എമാര്‍ക്കും സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസാണ് തെലങ്കാനയുടെ മുഖ്യ ശത്രുമെന്ന് ആവര്‍ത്തിച്ച ചന്ദ്രശേഖര റാവു രാഹുല്‍ ഗാന്ധി ഇന്ത്യ കണ്ട ഏറ്റവും വലിയ കോമാളിയാണെന്ന് പരിഹസിക്കുകയും ചെയ്തു. ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമസഭ പിരിച്ച് വിട്ടത് സ്വേ്ഛാധിപത്യ ഭരണത്തിന്റെ അന്ത്യമാണെന്നും, വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉത്തം കുമാര്‍ റെഡ്ഡിയുടെ പ്രതികരണം. 

നിയമസഭ പിരിച്ച് വിട്ടതോടെ നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പ് നടത്താനാണ് തെലങ്കാന രാഷ്ട്രസമിതി പദ്ധതിയിടുന്നത്. ഇനി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് നിർണായകം.  കമ്മീഷന്റെ ഭാഗത്ത് നിന്ന്  അനുകൂലനടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE