ട്രെയിനിനുള്ളിൽ വൈഫൈ; മുഖം മിനുക്കാനൊരുങ്ങി റയില്‍വേ

Venad-Express
SHARE

മുഖം മിനുക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ. വൈഫൈ ഹോട്സ്പോട്ട് അടക്കമുള്ള സേവനങ്ങളാണ് യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. വൃത്തിക്കും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയുള്ള നിലവാരമുയര്‍ത്തല്‍ ആദ്യം നടപ്പാക്കുന്നത് ഉത്തര റയില്‍വേ ഡിവിഷനിലായിരിക്കും. 

സുവര്‍ണ നിലവാരത്തിലെത്താനുള്ള ശ്രമങ്ങളാണ് റയില്‍വേ നടത്തുന്നത്. നിലവില്‍ നാനൂറോളം റയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള വൈഫൈ സംവിധാനം ഓടുന്ന ട്രെയിനുകളിലും സാധ്യമാക്കും. എക്സ്പ്രസ് ട്രെയിനുകളിലാകും തുടക്കത്തില്‍ ഈ സൗകര്യമുണ്ടാകുക. യാത്രക്കാരുടെ സുരക്ഷ മുന്‍ നിര്‍ത്തി, ട്രെയിനുകളില്‍ സിസി ടിവിയും ഘടിപ്പിക്കും. ഉത്തര റയില്‍വേക്കുകീഴിലുള്ള ഏതാനും ട്രെയിനുകളില്‍ ഇപ്പോള്‍ സിസിടിവി സംവിധാനമുണ്ട്. കോച്ചുകളുടെ നവീകരണമാണ് മറ്റൊന്ന്. കോച്ചിന്റെ ഉള്ളിലും പുറത്തും നിറം ഉള്‍പ്പെടെ മാറ്റി കാഴ്ചയില്‍ ആകര്‍ഷകമാക്കും. 

ടോയ്‌ലെറ്റുകള്‍ നവീകരിക്കുന്നതിനുപുറമെ ആധുനിക സീറ്റിങ്ങ് സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തും. കോച്ചിന്റെ പ്രവേശന കവാടത്തില്‍ ഒരു വശത്ത് ഇന്ത്യന്‍ പതാകയും മറ്റേ വശത്ത് സ്വച്ച്താ അടയാളവും പതിക്കും. ഉത്കൃഷ്ട് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവ നടപ്പാക്കുക. ട്രെയിന്‍ 18 പദ്ധതിയില്‍, എന്‍ജിന്‍ ഉള്‍പ്പെടുന്ന ട്രെയിന്‍ സെറ്റുകളാണ് വിഭാവനം ചെയ്യുന്നത്. നിലവില്‍ ഡല്‍ഹിക്കും ഝാന്‍സിക്കുമിടയിലോടുന്ന ഗതിമാന്‍ എക്സ്പ്രസിന്‍റേതുപോലെ, 160 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിന്‍ സെറ്റുകളാണിവ. ഉത്തര റയില്‍വേ ഡിവിഷനില്‍ ജനുവരിയോടെ ഈ സൗകര്യങ്ങള്‍ നടപ്പാക്കാനാണ് റയില്‍വേ പദ്ധതിയിടുന്നത്. പിന്നീട് മറ്റു 15 ഡിവിഷനുകളിലും പ്രാവര്‍ത്തികമാക്കും.

MORE IN INDIA
SHOW MORE