പത്താമതും ഗർഭിണി; പ്രസവം നിർത്തണമെന്ന് പേടിച്ച് ആശുപത്രിയില്‍ നിന്ന് മുങ്ങി

pregnant-woman
SHARE

പത്താമതും ഗർഭിണിയായ അമ്പത്തിരണ്ടുകാരിയെ ആശുപത്രിയിൽ വച്ച് കാണാതായി. തിരുച്ചിയിലെ വെതിയങ്ങുഡി സ്വദേശിനിയായ ആരായി എന്ന സ്ത്രീയെയും കുടെ വന്നവരെയുമാണ്  കാണാതായത്. 9 മക്കളാണ് ആരായിക്കുള്ളത്. 13 വർഷത്തിന് ശേഷമാണ് പത്താമതും ഗർഭിണിയാകുന്നത്. അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുന്നത് ശീലമാക്കിയ ആരായി ഇത് മൂന്നാമത്തെ തവണയാണ് ആശുപത്രിയിൽനിന്നും ചാടുന്നത്.നാല് മാസങ്ങൾക്ക് മുമ്പ് ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറവായതിനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയതാണ് ആരായിയും കുടുംബവും. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇവരെ പൂതുകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ച് അവർക്ക് രണ്ട് കുപ്പി രക്തം കയറ്റി. അവിടെനിന്നുമാണ് ആദ്യമായി ആരായിയെ കാണാതാവുന്നത്.

പിന്നീട് രണ്ട് മാസങ്ങൾക്ക് കഴിഞ്ഞ് അവരെ കണ്ടെത്തി. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടുന്നും അവർ രക്ഷപ്പെട്ടു. പിന്നീട് പത്ത് ദിവസം കഴിഞ്ഞാണ് അവരെ കണ്ടെത്തുന്നത്. അന്ന് രക്ത സമ്മർദ്ദം കുറവായതിനാൽ വീണ്ടും അവരെ പൂതുകോട്ട മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ന് കാണാതായ ആരായിയെ പിന്നീട് ഇത്രയും നാൾ കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിച്ചിട്ടില്ലന്ന് സിങ്കവനം ഹെൽത്ത് ഇൻസ്പെക്ടർ എം അയ്യപ്പൻ പറഞ്ഞു.

എന്നാൽ, താൻ ഗർഭിണിയാണെന്ന വിവരം ആരായി അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം അറിയുന്നത്. തുടർന്ന് പ്രസവാനന്തരം ജനന നിയന്ത്രണത്തിനായി ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഇതിനെതുടർന്നാണ് അവർ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ടതെന്ന് അയ്യപ്പൻ വ്യക്തമാക്കി. 

ആരായി തന്റെ ഒമ്പത് മക്കളെയും പ്രസവിച്ചത് വീട്ടിൽനിന്ന് തന്നെയാണ്. പത്താമത്തെ പ്രസവത്തോടെ പ്രസവം നിർത്താൻ പിഎച്ച്സി പ്രവർത്തകർ നിർബന്ധിക്കുന്നതിനാലാണ് ഡോക്ടർമാരെ ഒഴിവാക്കാന്‍ അവർ ശ്രമിക്കുന്നതെന്നാണ് അയല്‍വാസികൾ പറയുന്നത്. ഭർത്താവിനും അഞ്ച് മക്കൾക്കുമൊപ്പം തിരുച്ചിയിലെ ആറന്തങ്ങിക്കടുത്തുള്ള വെതിയാൻഗുഡിയിലാണ് ആരായി താമസിക്കുന്നത്. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കുന്ന ശീലം ഈ കുടുംബത്തിനില്ല. ആരായിയുടെ മക്കളിൽ നാല് പേരുടെ വിവാഹം കഴിഞ്ഞു. 

MORE IN INDIA
SHOW MORE