വായടച്ചില്ലെങ്കില്‍...; ഷെഹ്‍ല റാഷിദിനും വധഭീഷണി; ഭീഷണി മെസേജ് വഴി

umer-shehla
SHARE

ജെഎൻയു വിദ്യാർഥി ഷെഹ്‍ല റാഷിദിന് നേരെയും വധഭീഷണി. ഡല്‍ഹിയില്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥി സമരനേതാവ് ഉമർ ഖാലിദിന് നേരെ വധശ്രമമുണ്ടായതിന് പിന്നാലെയാണ് തനിക്കും വധഭീഷണിയുണ്ടെന്ന് ഷെഹ്‍ല റാഷിദ് വെളിപ്പെടുത്തിയിരിക്കുന്നത്.

മാഫിയ നേതാവ് രവി പൂജാരി തന്നെ ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ഷെഹ്‍ല ജമ്മു-കശ്മീർ പൊലീസിൽ കേസ് ഫയൽ ചെയ്തു. തനിക്കും ഉമർ ഖാലിദിനും ദലിത് പ്രവർത്തക നേതാവ് ജിഗ്നേഷ് മേവാനിക്കും നേരെയാണ് വധഭീഷണി ഉയർത്തിയതെന്നും ഷെഹ്‍ല പറയുന്നു.വലതുപക്ഷ ഹിന്ദുത്വ മൗലികവാദിയായ രവി പൂജാരി മെസേജുകൾ വഴിയാണ് ഭീഷണി ഉയർത്തിയത്. ഈ മെസേജുകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു. 'മര്യാദയ്ക്ക് വായടക്കൂ, അല്ലെങ്കിൽ എന്നെന്നേക്കുമായി നിന്റെ വായടപ്പിക്കും. ഉമർ ഖാലിദിനോടും ജിഗ്നേഷ് മേവാനിയോടും കൂടി ഇത് പറയുക'. എന്നാണ് മെസേജിൽ പറയുന്നത്.

ഇന്നലെയാണ് ഡൽഹിയിൽ ഉമര്‍ഖാലിദിനെ വധിക്കാന്‍ ശ്രമം നടന്നത്. അജ്ഞാതന്‍ ഉമറിന് നേരെ നിറയൊഴിക്കുകയായിരുന്നു.  ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് മുന്നിലാണ് രാജ്യത്തെ തന്നെ അമ്പരപ്പിച്ച വധശ്രമം. 

സ്വാതന്ത്ര്യദിനത്തിനായി സുരക്ഷാ ശക്തമാക്കിയിരിക്കെയാണ് പാര്‍ലമെന്റിന് സമീപം ഉമര്‍ ഖാലിദിന് നേരെ വധശ്രമമുണ്ടായത്. അഡ്വ. പ്രഭാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ സംസാരിക്കുന്ന സെമിനാറില്‍ പങ്കെടുക്കാനാണ്  ഉമര്‍ഖാലിദ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബില്‍ എത്തിയത്. സുഹൃത്തുക്കളോടൊപ്പം റോഡിന് സമീപം ചായ കുടിച്ച് നില്‍ക്കുന്നതിനിടെ അടുത്തുവന്ന അക്രമി ആദ്യം ഉമറിനെ ചവിട്ടിവീഴ്‍ത്തി. ഉമര്‍ നിലത്തുവീണപ്പോള്‍ ഇയാള്‍ തോക്ക് പുറത്തെടുത്ത് വെടിയുതിര്‍ത്തെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടെന്ന് ദൃക്സാക്ഷി പറഞ്ഞു.

തോക്ക് റോഡില്‍ ഉപേക്ഷിച്ചാണ് അക്രമിച്ചയാള്‍ ഓടിരക്ഷപ്പെട്ടത്. ഗൗരി ലങ്കേഷിനെയാണ് ഓര്‍മ്മവന്നതെന്നും സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെയെല്ലാം ഇല്ലാതാക്കാനാണ് ശ്രമമെന്നും ഉമര്‍ഖാലിദ് പറഞ്ഞു. 2016ല്‍ ജെ.എന്‍.യുവില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയെന്ന കേസില്‍ കനയ്യ കുമാറിനൊപ്പം രാജ്യദ്രോഹക്കുറ്റം ചുമത്തി ഉമറിനെയും അറസ്റ്റു ചെയ്തിരുന്നു

MORE IN INDIA
SHOW MORE