പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ബുധനാഴ്ച തുടക്കം

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം നാളെ തുടങ്ങും. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ശക്തമായ ഏറ്റുമുട്ടലിനാകും പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സാക്ഷ്യംവഹിക്കുക. മുത്തലാഖ് നിരോധനം, ഒബിസി കമ്മിഷന്‍, ദേശീയ മെഡിക്കല്‍ കമ്മിഷന്‍ തുടങ്ങിയവയ്ക്കായി നിയമനിര്‍മ്മാണങ്ങള്‍ ലക്ഷ്യമിടുന്ന പതിനെട്ട് ദിവസത്തെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ െഎക്യത്തിന്‍റെ പരീക്ഷണവേദി കൂടിയാകും ഇരുസഭകളും.

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വര്‍ഗീയസംഘര്‍ഷങ്ങള്‍, ഇന്ധന വിലവര്‍ദ്ധന, യുജിസിക്ക് പകരം ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കാനുള്ള നീക്കം, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഭിന്നതകള്‍ എന്നിവ പ്രതിപക്ഷം ആയുധമാക്കും. വനിതാ സംരവണ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളായ ബിനോയ് വിശ്വം, എളമരം കരീം, ജോസ് കെ മാണി എന്നിവരുടെ സത്യപ്രതിജ്ഞ സമ്മേളനത്തിന്‍റെ തുടക്കത്തില്‍ തന്നെ നടക്കും. ബജറ്റ് സമ്മേളനം അലങ്കോലമായതിനാല്‍ ആദ്യ ദിനങ്ങളില്‍ പ്രതിപക്ഷം കാര്യമായ പ്രതിഷേധങ്ങളുയര്‍ത്താന്‍ സാധ്യതയില്ല. 

ഒാഗസ്റ്റ് പത്തുവരെയാണ് സമ്മേളനം. രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ നീക്കം. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഉപാധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് ബിജെപി ശ്രമിക്കുക.