'രാഹുലിന് സോണിയയുടെ ഛായ'; വിമർശിച്ച നേതാവിനെ പുറത്താക്കി മായാവതി

rahul-gandhi-mayawati
SHARE

വിദേശപൗരത്വമുള്ള അമ്മയുടെ മകനായതിനാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് പറഞ്ഞ ബിഎസ്പി നേതാവിനെ പുറത്താക്കി മായാവതി. ജയ് പ്രകാശ് സിങ്ങിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാർട്ടി നിലപാടല്ലെന്നും മായാവതി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് മായാവതിയെ പുകഴ്ത്തിയും രാഹുൽ ഗാന്ധിയെ വിമര്‍ശിച്ചും ജയ് പ്രകാശ് സിങ് രംഗത്തെത്തിയത്. ''രാഹുലിന് അച്ഛന്റെയല്ല, അമ്മയുടെ ഛായയാണ്. സോണിയ ഒരു വിദേശിയായതിനാൽ രാഹുലിന് പ്രധാനമന്ത്രിയാകാൻ കഴിയില്ല.''

മായാവതിയെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നും ജയ് പ്രകാശ് സിങ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാൻ മായാവതിക്കേ കഴിയൂ. രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണയും അവർക്കുതന്നെയെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. 

തൊട്ടുപിന്നാലെ മായാവതിയുടെ പ്രതികരണമെത്തി. ''ബിഎസ്പിയുടെ ആശയങ്ങൾക്ക് വിരുദ്ധമായാണ് ജയ് പ്രകാശ് സിങ് സംസാരിച്ചത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിനാൽ ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കി.''

സഖ്യരൂപീകരണവുമായി ബന്ധപ്പെട്ട് നേതാക്കൾ പരസ്യപ്രസ്താവനകൾ നടത്തരുതെന്നും മായാവതി നിർദേശിച്ചു. 

MORE IN INDIA
SHOW MORE