ദിവസം മൂന്ന് ലക്ഷം വരെ സമ്പാദിക്കാം; തമിഴ് നടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച് സന്ദേശങ്ങൾ; അറസ്റ്റ്

അനാശാസ്യത്തിന്  നിർബന്ധിച്ചു കൊണ്ടുളള അഞ്ജാത സന്ദേശങ്ങൾക്കെതിരെ പരാതിയുമായി പ്രശ്സ്ത തമിഴ് സിനിമാ സീരിയൽ നടി ജയലക്ഷ്മി രംഗത്ത്. ചെന്നൈ കമ്മീഷണർ ഓഫിസിൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ര‌ണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം മുതലാണ് സംഭവങ്ങളുടെ ആരംഭമെന്നാണ് നടിയുടെ മൊഴി.  സാമൂഹിക മാധ്യമങ്ങളിൽ വന്ന സന്ദേശം അവഗണിക്കാൻ തുടങ്ങിയപ്പോഴാണ് മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കാൻ തുടങ്ങിയത്. 

ഡേറ്റിങ്ങ് ആന്റ് റിലേഷൻഷിപ്പ് സർവീസ് എന്നും സന്ദേശത്തിൽ എഴുതിയിരുന്നു. ഇത് തീർത്തും സരുക്ഷിതമാണെന്നും മറ്റൊരാൾ അറിയില്ലെന്നും സന്ദേശത്തിൽ അറിയിച്ചിരുന്നു. ഒരു ദിവസം 50000 മുതൽ 3 ലക്ഷം വരെ സമ്പാദിക്കാമെന്നും വാഗ്ദാനമുണ്ട്. സന്ദേശങ്ങൾ അയച്ചിരുന്ന നമ്പർ ബ്ലോക്ക് ചെയ്തപ്പോൾ മറ്റൊരു നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതിനു തുടർന്ന് നടി പൊലീസിൽ പരാതി നൽകി. നടിമാരായ തന്റെ സുഹൃത്തുക്കൾക്കും ഇത്തരത്തിൽ സന്ദേശം ലഭിച്ചിട്ടുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. സത്യത്തിൽ ഞാൻ ഞെട്ടിപ്പോയി, ഇത്തരത്തിലുളള സംഘങ്ങൾക്കുളള പിന്നിൽ വലിയ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന അറിവ് തന്നെ ഞെട്ടിച്ചുവെന്നും ജയലക്ഷ്മി പറഞ്ഞു. സ്ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു പരാതി. 

സംഭവത്തിൽ രണ്ട് അറസ്റ്റ് രേഖപ്പെടുത്തി. പിടിയിലായ ചെറുപ്പക്കാർ സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സ്വാഭാവിക വേഷങ്ങൾ ചെയ്യുന്ന നടിമാരെ ടാർജറ്റ് ചെയ്യുകയും ഫോൺ നമ്പർ കരസ്ഥമാക്കി ഉയർന്ന തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നും പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുന്നു.