ഹിമ ദാസിന്‍റെ ജാതി തിരഞ്ഞ് രാജ്യം; കൂടുതല്‍ തിരഞ്ഞത് മലയാളികള്‍: നാണക്കേട്

hima-cast-search
SHARE

അവളുടെ മിന്നും നേട്ടത്തില്‍ രാജ്യവും സോഷ്യല്‍ ലോകവും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോള്‍ നിങ്ങള്‍ ഗൂഗിളില്‍ ഹിമ ദാസ് എന്ന് സേര്‍ച്ച് ചെയ്തിട്ടുണ്ടോ? രാജ്യം അവളെയോര്‍ത്ത് തലയുയര്‍ത്തുമ്പോള്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് അവളുടെ ജാതി ഏതാണെന്നാണ് അറിയാനാണ്.

അതിലും വലിയ നാണക്കേട് ഇത് സേര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതല്‍ മലയാളികളും എന്നതാണ്. കേരള, കര്‍ണാടക, ഹരിയാന, ആസ്സം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഹിമയുടെ ജാതി അറിയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഏറെയുള്ളത്. 

ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ  ഹിമാദാസ് മത്സരിച്ച് മുന്നേറുന്നതിന്റെയും വിജയിക്കുന്നതിന്റെയും ശേഷം ഇന്ത്യയുടെ ദേശീയഗാനം കേട്ട് കണ്ണീരൊഴുക്കുന്നതിന്റെയും ദൃശ്യങ്ങൾ അഭിമാനത്തോടെ രാജ്യം പങ്കുവയ്ക്കുമ്പോഴാണ് ജാതിവെറിയുടെ തലയും ഉയരുന്നത്.

മുന്‍പ് 2016ലെ ഒളിംപിക്സ് സെമി, ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് പി.വി.സിന്ധു തയാറെടുക്കുമ്പോള്‍. ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സിന്ധുവിന്റെ ജാതി അറിയാനായിരുന്നു.

ഹിമ മനോരമ ന്യൂസിനോട് പറഞ്ഞത്

രാജ്യം നല്‍കിയ സ്നേഹമാണ് തന്നെ സ്വര്‍ണനേട്ടത്തിലെത്തിച്ചതെന്ന് അത്‌ലീറ്റ് ഹിമാദാസ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടമാണ് ലക്ഷ്യമെന്നും ഹിമാദാസ് ഫിന്‍ലന്‍ഡില്‍ നിന്ന്  മനോരമ ന്യൂസിനോട് പറഞ്ഞു. ലോക അത്്ലറ്റിക്സ് ചാംപ്യന്‍ഷിപ്പുകളുടെ  ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ്  ഹിമ ദാസ്.

ഫിന്‍ലന്‍ഡിലെ ട്രാക്കിനെ തീപിടിപ്പിച്ച ഇന്ത്യന്‍ കൗമാരതാരം. അസമിലെ കുഗ്രാമത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് 52 സെക്കന്‍ഡിലാണ് ഹിമ ഒാടിക്കയറിയത്. ഫിന്‍ലാന്‍ഡില്‍ നിന്ന മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ താരം സന്തോഷം പങ്കുവെച്ചു . രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം പ്രമുഖര്‍ അഭിനന്ദിച്ചതില്‍ ഏറെ ആഹ്ലാദം. രാജ്യം നല്‍കിയ സ്നഹത്തിന് പ്രത്യേക നന്ദി.  

റെക്കോര്‍ഡ് നേട്ടത്തെക്കുറിച്ച് അറിയാതെയാണ് വിജയത്തിലേക്ക് കുതിച്ചെത്തിയതെന്ന ഹിമ പറഞ്ഞു. പ്രത്യേക പരിശീലനം നടത്തിയിരുന്നില്ല. ഇതിലും മികച്ച സമയം പ്രതീക്ഷിച്ചിരുന്നുവെന്നും ഹിമ കൂട്ടിച്ചേര്‍ത്തു.   

അത്​ലറ്റിക് ഫെഡറേഷന്‍ നല്‍കിയ പിന്തുണ മികച്ചതായിരുന്നെന്നും ഹിമ വ്യക്തമാക്കി. സ്വര്‍ണനേട്ടത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ മാധ്യമത്തില്‍ ഹിമയുടെ പ്രതികരണമെത്തുന്നത്.

MORE IN INDIA
SHOW MORE