ഇങ്ങനെയാണ് ആ അധ്യാപകൻ കുട്ടികൾക്ക് 'ഭഗവാൻ' ആയത്; ചങ്കിടിപ്പായ കഥ

bhagawan
SHARE

ചങ്കു പറിച്ചുകൊടുക്കും കുട്ടികൾ ഭഗവാന്. ജീവനായ അധ്യാപകനെ വിടാതെ, വട്ടംചുറ്റി, പിടിച്ചു നിർത്തി, അലമുറയിട്ട് അവർ കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെയും അകം പൊള്ളി. ആ കാഴ്ച കണ്ടവർ ഇഷ്ടാധ്യാപകരെ ഒരിക്കല്‍ കൂടി ഓർമ്മിച്ചിട്ടുണ്ടാകണം. 

തമിഴ്‌നാട്ടിലെ വെളിഗരം ഗ്രാമത്തിലെ സ്‌കൂളില്‍ സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ പോകാന്‍ അനുവദിക്കാതെ പൊട്ടിക്കരഞ്ഞ വിദ്യാര്‍ത്ഥികൾ തന്നെ ആ കാരണം പറയും,  എങ്ങനെയാണ് ഭഗവാന്‍ എന്ന ഇരുപത്തിയെട്ടുകാരൻ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായതെന്നു പറയും. 

എട്ടാം ക്ലാസുകാരൻ കാർത്തിക്കിന് സ്കൂളിലെ ഏറ്റവും മികച്ച അധ്യാപകനാണ് ഭഗവാൻ.  പുതിയ പുസ്തകങ്ങൾ സാർ പരിചയപ്പെടുത്തിത്തരുമായിരുന്നു. ഇംഗ്ലീഷ് തനിക്ക് പ്രിയപ്പെട്ട വിഷയമായത് ഭഗവാൻ സാർ കാരണമാണെന്നും കാർത്തിക് പറയുന്നു.

കാവ്യക്ക് ഭഗവാൻ പ്രിയപ്പെട്ട അധ്യാപകൻ മാത്രമല്ല, അച്ഛനെപ്പോലെയാണ്. തഹല്‍സിൽദാർ ആകാനാണ് തൻറെ ആഗ്രഹമെന്നു പറഞ്ഞപ്പോൾ അത് ഒരു പേപ്പറിൽ എല്ലാ ദിവസവും എഴുതാൻ മാഷ് ആവശ്യപ്പെട്ടു. ഒരു ദിവസം ആ സ്വപ്നത്തിലേക്ക് എത്തിച്ചേരുമെന്ന ആത്മവിശ്വാസം നൽകി. കുട്ടികളിൽ ഡയറി എഴുതുന്ന ശീലം വളർത്തിയതും ഭഗവാൻ ആണെന്ന് കാവ്യ പറയുന്നു.

അനുവിന് പറയാനുള്ളത് ഇതാണ്: ''എന്തിനാണ് സാറിനെ സ്ഥലം മാറ്റുന്നത്? അദ്ദേഹമിവിടെ എപ്പോഴുമുണ്ടാകണം''.

കാർത്തിക്കും കാവ്യയും അനുവും മാത്രമല്ല, ഭഗവാനെ ഇത്തരത്തിൽ നെഞ്ചേറ്റിയവരാണ് ഈ സ്കൂളിലെ മിക്ക കുട്ടികളും. നീണ്ട കരച്ചിൽ സമരത്തിനൊടുവിൽ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻറെ സ്ഥലം മാറ്റം വരെ ഇവർ മരവിപ്പിച്ചു. 

ഭഗവാൻ കുട്ടികൾക്ക് എല്ലാമാണെന്നും രക്ഷിതാക്കൾക്കും പ്രിയങ്കരനാണെന്നും സഹാധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. 

MORE IN INDIA
SHOW MORE