കടപുഴകിയ കശ്മീർ സഖ്യം; പാലം വലിച്ച് ബിജെപി; പിഡിപി വീണു

bjp-pdp
SHARE

നരേന്ദ്ര മോദിയുടെ കശ്മീര്‍ നയം സമ്പൂര്‍ണ പരാജയമായിരുന്നോ? ആശയപരമായി ഒരുതരത്തിലും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്തവരായിരുന്നു ത്രീവനിലപാടുകാരായ ബിജെപിയും പിഡിപിയും. രാജ്യതാല്‍പര്യം പറഞ്ഞ് ജമ്മുകശ്മീരില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യതാല്‍പര്യമെന്ന അതേ കാരണം തന്നെ പറഞ്ഞ് ഇരുവരും വഴിപിരിഞ്ഞു. രാജ്യതാല്‍പര്യമാണോ അതോ രാഷ്ട്രീയ താല്‍പര്യങ്ങളാണോ മെഹബൂബ മുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിക്കാനുള്ള യഥാര്‍ഥ കാരണം.

ഉത്തര ദക്ഷിണധ്രുവങ്ങള്‍ തമ്മില്‍ ഒന്നിച്ചുചേരുന്നതുപോലെ അസാധ്യമായ കാര്യമാണ് ബിജെപിയും പിഡിപിയും ഒന്നിച്ച് നില്‍ക്കുകയെന്നത്. ജമ്മുകശ്മീരിലെ ജനങ്ങള്‍ക്കുവേണ്ടി, രാജ്യതാല്‍പര്യത്തിന് വേണ്ടി അസാധ്യമായത് സാധ്യമാക്കുന്നുവെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൈകോര്‍ക്കുമ്പോള്‍ പിഡിപി നേതാവും ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞത്. മുഫ്തിയുടെ മരണശേഷം ചെറിയൊരു ഇടവേളയിലെ അസ്വാരസ്യങ്ങള്‍ക്കൊടുവില്‍ മകള്‍ മെഹ്ബൂബ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി കസേരയിലെത്തി. ജമ്മുകശ്മീരിലെ ഭരണം എന്ത് ത്യാഗം സഹിച്ചും നിലനിര്‍ത്താന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. ബിജെപി ജനറല്‍സെക്രട്ടറി റാംമാധവ് സഖ്യത്തിന്‍റെ ചരട് പൊട്ടാതിരിക്കാന്‍ പണിപ്പെട്ടു. തന്ത്രപ്രധാന അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ ജമ്മുകശ്മീരിലെ ഭരണം നിര്‍ണായകമാണ്. അതിലേറെ വൈകാരികവും ആശയപരവുമായ ഘടകങ്ങള്‍ കശ്മീരിനെ ബിജെപിയുടെ ഇഷ്ടവിഷയമാക്കുന്നുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക സംസ്ഥാന പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പാണ് ഇതില്‍ പ്രധാനം. ബിജെപി സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുെട സമരങ്ങളും മരണവും ഇതിനെ ചുറ്റിപ്പറ്റിയായിരുന്നു. പാക്കിസ്ഥാനെന്ന ശത്രുവിലേക്കുള്ള വഴി. കശ്മീരി പണ്ഡിറ്റുകളുടെ പലായനം. തുടങ്ങി ബിജെപി ഹിമഭൂമിയെ ചുറ്റി ഉയര്‍ത്തിവിട്ടിരുന്ന വിഷയങ്ങള്‍ പലതാണ്. ജമ്മുവും ലഡാക്കും ബിജെപിക്ക് ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും കശ്മീര്‍ കിട്ടാക്കനിയായിരുന്നു. മോദി തരംഗത്തിന്‍റെ ചുവടുപിടിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ താഴ്‍വരയില്‍ ബിജെപി മുന്നേറ്റങ്ങള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാതായപ്പോഴാണ് പിഡിപിയുമായി കൈകോര്‍ത്ത് സര്‍ക്കാരുണ്ടാക്കിയത്. വികസനം കൊണ്ട് കശ്മീരിനെ ഒപ്പം നിര്‍ത്താമെന്നായിരുന്നു നരേന്ദ്ര മോദിയുടെ വാദം. വാജ്പേയിയുടെ ചുവടുപിടിച്ച് മോദിയും പറ‍ഞ്ഞു, ഇന്‍സാനിയത്. കശ്മീരിയത്, ജംഹൂരിയത്. മാനവികത, കശ്മീരിയത, ജനാധിപത്യം. 

എന്നാല്‍ വികസമെന്ന മാന്ത്രികവാക്യത്തിന്‍റെ പൊലിമയില്‍ തീരുന്നല്ല കശ്മീരിലെ പ്രശ്നങ്ങള്‍. ഇന്ത്യയാകെ കാവി പടര്‍ത്താന്‍ രാപകല്‍ അധ്വാനിക്കുന്ന ബിജെപി എന്തുകൊണ്ടാകാം ഒരു സംസ്ഥാനത്തിലെ ഭരണം വെറുതെയങ്ങ് വിട്ടുകളഞ്ഞത് ? എതിര്‍ചേരിയില്‍ ശക്തമായ സഖ്യനീക്കങ്ങള്‍ നടക്കുമ്പോള്‍ കൂടെയുള്ള ഒരു രാഷ്ട്രീയകക്ഷിയെ എന്തിനാണ് ബിജെപി പെരുവഴിയില്‍ നിര്‍ത്തിയത്? ക്രമസമാധാന പ്രശ്നങ്ങളും ഭീകരഭീഷണിയുമാണ് സഖ്യമുപേക്ഷിക്കാന്‍ കാരണങ്ങളായി ബിജെപി ചൂണ്ടിക്കാട്ടുന്നത്. അത് ഒരു പരിധിവരെ ശരിയുമാണ്. പക്ഷെ ഭരണത്തിന്‍റെ ഭാഗമായിരുന്ന ഒരുപാര്‍ട്ടിക്ക് വീഴ്ച്ചകളുടെ ഉത്തരവാദിത്വം മുഴുവന്‍ കൂടെ നിന്നവരുടെ തലയിലിട്ട് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? നിലവിലെ സാഹചര്യത്തില്‍ ഇരു പാര്‍ട്ടികള്‍ക്കും ഒന്നിച്ച് ജനങ്ങള്‍ക്ക് മുന്നില്‍പോയി വോട്ടുചോദിക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ അത്രയേറെ കൈവിട്ടുപോയി. അധികാരത്തില്‍ ഒന്നിച്ചിരുന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പിഡിപിക്ക് താഴ്‍വരയും ബിജെപിക്ക് ജമ്മു ലഡാക്ക് േമഖലകളും കൈവിട്ടുപോകും. മുഫ്തി കുടുംബത്തിന് അനന്ത്നാഗില്‍ ഒരുപക്ഷെ കെട്ടിവെച്ച കാശ്പോലും കിട്ടിയേക്കില്ല. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പരസ്പര ധാരണയോടെയുള്ള പിന്നോട്ട് പോക്കായി മാത്രമേ ഇപ്പോഴത്തെ വഴിപിരിയലിനെ കാണാനാകൂ. വിഘടനവാദം ശക്തമായ തെണ്ണൂറുകളിലേതിനേക്കാള്‍ മോശം അവസ്ഥയിലൂടെയാണ് താഴ്‍വരയ കടന്നുപോയത്. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെട്ടതോടെ കശ്മീരിലെ തെരുവുകളില്‍ രക്തമൊഴുകി.

കഠ്‍വ പീഡ‍നം ബിജെപി പിഡപി ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടാക്കി. നോമ്പ് കാലത്ത് ഭീകരര്‍ക്കെതിരായ സൈനിക നീക്കം നിര്‍ത്തിവെച്ചത് സഖ്യത്തിനകത്ത് അന്ത:സംഘര്‍ഷങ്ങള്‍ക്ക് വഴിവെട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ ദിനപത്രത്തിന്‍റെ എഡിറ്ററുമായ ഷുജാത് ബുഖാരിയുടെ കൊലപാതകം ബിജെപി പിഡിപി സര്‍ക്കാരിന്‍റെ മുഖം നഷ്ടമാക്കി. ഭീകരര്‍ക്കും വിഘടനവാദികള്‍ക്കും നേരെ കര്‍ശനപടിക്കായി ബിജെപിയിലെ വലിയൊരുവിഭാഗം മുറവിളികൂട്ടിയിരുന്നെങ്കിലും പിഡിപി സഖ്യം ബാധ്യതയായി. സഖ്യമുപേക്ഷിക്കാനുള്ള നീക്കത്തില്‍ നിര്‍ണായകമായത് മോദിയുടെ വിശ്വസ്തനും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ അജിത് ഡോവലിന്‍റെ വാക്കാണ്. രാജ്യം പൊതു തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍, കേന്ദ്രസര്‍ക്കാര്‍ ഭരണവിരുദ്ധ വികാരത്തിന്‍റെ കയ്പ്പുനീര്‍ കുടിക്കാന്‍ തുടങ്ങുമ്പോള്‍ സുപ്രാധാന നീക്കങ്ങള്‍ക്ക് പിഡിപി സഖ്യം വിലങ്ങുതടിയാകരുതെന്ന ചിന്തയും പുതിയ നീക്കത്തിലേക്ക് ബിജെപിയെ നയിച്ചു. 

MORE IN INDIA
SHOW MORE