സഹോദരനെ വെടിവച്ചത് ബിജെപി എംപിയുടെ ക്വട്ടേഷന്‍; ആരോപണവുമായി കഫീല്‍ ഖാന്‍

kafeelkhan-bjp
SHARE

ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍. തന്റെ സഹോദരനെ വധിക്കാന്‍ ശ്രമിച്ചത് പിന്നില്‍ ബിജെപി നേതാക്കളാണെന്ന് പേരെടുത്ത് പറഞ്ഞ് അദ്ദേഹം രംഗത്തെത്തി. ബിജെപി എംപി കമലേഷ് പാസ്വാനാണ് സഹോദരനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ അമ്മാവന്റെ സ്ഥലം എംപി കയ്യേറിയിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ സ്റ്രേയിം സമ്പാദിച്ചിരുന്നു. ബാന്‍സ്ഗോണ്‍ മണ്ഡലത്തെ എംപിയാണ് കമലേഷ് പാസ്വാന്‍. എംപിക്കൊപ്പം സതീഷ് നംഗാലിയയും ഉണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ കഫീല്‍ഖാന്‍ പറഞ്ഞു. 

എന്നാല്‍ വെടിവയ്പ് നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരുടെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് കേസ് സിബിെഎ അന്വേഷിക്കണമെന്നാണ് കഫീല്‍ ഖാന്‍ ആവശ്യപ്പെടുന്നത്. കുടുംബത്തിനുനേരെ വധഭീഷണിയുണ്ട് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉത്തര്‍പ്രദേശ് പൊലീസിനായിരിക്കുെമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കഫീല്‍ഖാന്റെ സഹോദരന്‍ കാഷിഫ് ജമീല്‍ അപകടനില തരണം ചെയ്തു. അദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്ന ജമീലിനെ അജ്ഞാത സംഘം ബൈക്ക് തടഞ്ഞുനിർത്തി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം കഫീല്‍ ഖാന് പിന്തുണ പ്രഖ്യാപിച്ച്  കോണ്‍ഗ്രസ് രംഗത്തെത്തി. ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് കത്തയച്ചിരുന്നു.  .‘താങ്കളുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിങ്ങളുടെ മനോഭാവവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രതീക്ഷ നല്‍കുന്നു.’ – രാഹുല്‍ കത്തില്‍ കുറിച്ചു. 

കഫീല്‍ ഖാന്റെ സഹോദരനുനേരെ നടന്ന ആക്രമണം യോഗി സര്‍ക്കാരിന്റെ വന്‍വീഴ്ചയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു. കഫീല്‍ ഖാനെ ഉടന്‍ നേരില്‍ക്കാണുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു.

MORE IN INDIA
SHOW MORE