ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം തുടരുന്ന കേജ്‍രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

congress-kejeriwal-t
SHARE

ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഭരണപരാജയങ്ങള്‍ മറയ്ക്കാനാണ് കേജ്‍‍‍രിവാളിന്റെ സമരനാടകമെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീഷിത് ആരോപിച്ചു. സമരംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷീലാ ദിഷിത് ആവശ്യപ്പെട്ടു. അതേസമയം സമരം ഒത്തുത്തീര്‍പ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ആം ആദ്മി പാര്‍ട്ടിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. 

സംസ്ഥാനത്ത് വായുമലിനീകരണം ഇത്രയധികം ഉയര്‍ന്നിട്ടും ശീതീകരിച്ച മുറയിലിരുന്ന സമരം ചെയ്യുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും ജനങ്ങളുടെ ജീവനില്‍ യാതൊരു ശ്രദ്ധയുമില്ലെന്ന് ഷീലാ ദീഷിത് ആരോപിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥര്‍ തടയുകയാണെന്ന് ആരോപിച്ചാണ് കേജ്‍രിവാളിന്റെ സമരം, തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ പോലും നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രി പൂര്‍ണപരാജയമാണെന്നും ഷീലാ ദീഷിത് കുറ്റപ്പെടുത്തി.

ധര്‍ണ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ സമരത്തിന് ജനപിന്‍തുണ േതടി ആം ആദ്മി പാര്‍ട്ടി രംഗത്ത്. വീടുവീടാന്തരം കയറി ജനങ്ങളില്‍നിന്ന് പത്ത് ലക്ഷം ഒപ്പുകള്‍ ശേഖരിക്കാനാണ് പാര്‍ട്ടി തീരുമാനം. സമരത്തെ തെറ്റായി ചിത്രീകരിക്കുന്ന ബിജെപിക്കും, കോണ്‍ഗ്രസിനും മറുപടി പറയുന്ന വീഡിയോ കേജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍രിവാള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. അതേസമയം മുഖ്യമന്ത്രിക്കൊപ്പം സമരം ചെയ്യുന്ന മന്ത്രി സത്യേന്ദ്ര ജയിന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശിച്ചു. 

MORE IN INDIA
SHOW MORE